മനുഷ്യന്‍ ചിത്രങ്ങള്‍ വരക്കുന്നത് ഒരു പുതിയ കാര്യമല്ല. വായകൊണ്ടും കാലു കൊണ്ടും വരെ ചിത്രം വരയ്ക്കുന്ന നിരവധി പേരുടെ വാര്‍ത്തകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ചിത്രം വരയ്ക്കുന്ന ആടിനെക്കുറിച്ചുള്ള വാര്‍ത്തയാണിത്. കളര്‍ കോമ്പിനേഷനും ഭാവനയും ഒന്നിച്ചു ചേര്‍ത്തു ചിത്രം വരക്കാന്‍ ബോഡി എന്നു പേരുള്ള ആടിന് എങ്ങനെ കഴിയുന്നുവെന്നതു വലിയ അത്ഭുതമായി നിലനില്‍ക്കുന്നു. മെക്‌സിക്കോവിലെ ആല്‍ബക്വര്‍ക്ക് ബൊട്ടാണിക്കല്‍ ഗാര്‍ഡനിലാണ് ചിത്രം വരയ്ക്കുന്ന ആടുള്ളത്.
ആട് വെറുതെ ചിത്രം വരയ്ക്കുന്നതല്ല, വരയ്ക്കാന്‍ പഠിപ്പിക്കുന്നതാണ്. ക്രിസ്റ്റിന്‍ റൈറ്റ് എന്നാണ് ചിത്രകലാ അധ്യാപകന്റെ പേര്. ആടിനെ പഠിപ്പിക്കുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള ജോലിയാണ്. എന്നാലും ഈ ആട് നന്നായി വരക്കുന്നുണ്ടെന്ന് റൈറ്റ് പറയുന്നു. വ്യത്യസ്ത നിറങ്ങള്‍ കൂട്ടിച്ചേര്‍ത്ത് റൈറ്റിന്റെ ഈ ശിഷ്യ വരച്ച ചിത്രങ്ങള്‍ക്ക് പ്രിയമേറുകയാണിപ്പോള്‍. ബൊട്ടാണിക് പൂന്തോട്ടത്തിലെ അന്തേവാസിയായ ബോഡി എന്ന ആടിനെ മാസങ്ങളായി ചിത്രകല പഠിപ്പിക്കുകയായിരുന്നു റൈറ്റ്.
ആട് വരയ്ക്കുന്ന ചിത്രങ്ങള്‍ക്ക് വലിയ ഡിമാന്റാണുള്ളത്. ന്യൂ മെക്‌സിക്കോവിലെ ബയോ പാര്‍ക്ക് സൊസൈറ്റിയില്‍ 40 യുഎസ് ഡോളറിനാണ് ഒരോ ചിത്രവും വിറ്റുപോകുന്നത്. ആല്‍ബക്വര്‍ക്ക് പൂന്തോട്ടത്തില്‍ എത്തുന്നവര്‍ക്കെല്ലാം ബോഡിയുടെ വേറിട്ട ചിത്രം വര കാണാന്‍ സാധിക്കും. അത്യന്തം കൃത്യതയോടെയാണ് ആട് ചിത്രം വരയ്ക്കുന്ന. വായില്‍ ബ്രഷ് കടിച്ചുപിടിച്ച് സാവധാനമാണ് വര. പല പ്രദേശത്തും ബോഡി വരച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടായിരുന്നു. മനുഷ്യര്‍ വരയ്ക്കുന്നതില്‍ നിന്നു വ്യത്യസ്തമായ തരത്തിലാണ് ബോഡി വരക്കുന്നത്. ഈ ചിത്രത്തിന് ഒരു ഏകത്വമുണ്ട്. ആല്‍ബക്വര്‍ക്ക് മൃഗശാലയുടെ മാനെജറായ ലിന്‍ ട്യൂപ പറയുന്നു. റിയോ ഗ്രാന്‍ഡ് ഹെറിറ്റേജ് ഫാമിലും ബോഡിയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
മനുഷ്യനു മാത്രമേ കഴിയൂ എന്നു കരുതിയിരുന്ന ചില കഴിവുകള്‍ മൃഗങ്ങള്‍ക്കുമുണ്ടെന്നാണ് ബോഡിയുടെ പ്രകടനം വ്യക്തമാക്കുന്നത്. മൃഗങ്ങളുടെ കഴിവുകള്‍ കൂടുതല്‍ പഠനവിധേയമാക്കേണ്ട സമയവും അതിക്രമിച്ചിരിക്കുന്നുവെന്നും വിദഗ്ദ്ധര്‍ പറയുന്നു. ബോഡി ചിത്രം വരയ്ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയത്തിലും വൈറലായിരിക്കുകയാണ്.


