ആസിഡ് ആക്രമണ ഇര സൊണാലി മുഖര്‍ജിക്ക് ഫേസ്ബുക്ക് സൗഹൃദത്തിലൂടെ വിവാഹം

ബൊക്കാറോ: കോന്‍ ബനേഗ കോര്‍പതിയില്‍ അമിതാഭ് ബച്ചനെവരെ ധീരതകൊണ്ട് വിസ്മയിപ്പിച്ച ആസിഡ് ആക്രമണ ഇര സൊണാലി മുഖര്‍ജി വിവാഹിതയായി. ഒഡിഷയില്‍ ജോലിചെയ്യുന്ന ഇലക്ട്രിക്കല്‍ എന്‍ജിനീയറായ ജാംഷഡ്പൂര്‍ സ്വദേശി ചിത്തരഞ്ജന്‍ തിവാരിയാണ് വരന്‍. ഫേസ്ബുക്കിലൂടെയുള്ള സൗഹൃദമാണ് വിവാഹത്തിലത്തെിയത്.

കോന്‍ ബനേഗ കോര്‍പതിയില്‍ സൊണാലി കാഴ്ചവെച്ച ആത്മവിശ്വാസവും ധൈര്യവും ശ്രദ്ധിച്ച ചിത്തരഞ്ജന്‍ തിവാരി ഫേസ്ബുക്കില്‍ ഇവരുടെ സുഹൃത്താവുകയായിരുന്നു. പരസ്പരം കൂടുതല്‍ മനസ്സിലാക്കിയതോടെ വിവാഹിതരാവാന്‍ ഇരുവരും തീരുമാനിച്ചു. വ്യാഴാഴ്ച ബൊക്കാറോ കോടതിയിലായിരുന്നു വിവാഹം. മതപരമായ ചടങ്ങുകള്‍ ഈ മാസം അവസാനം നടക്കും.

18ാമത്തെ വയസ്സിലായിരുന്നു സൊണാലി ആസിഡ് ആക്രമണത്തിന് ഇരയായത്. വീടിന്റെ ടെറസില്‍ രാത്രി ഉറങ്ങിക്കിടക്കുമ്പോഴുണ്ടായ ആക്രമണത്തില്‍ മുഖവും കഴുത്തും നെഞ്ചിന്റെ വലത്തുവശവും ഉള്‍പ്പെടെ ഭാഗങ്ങളില്‍ മാസം നഷ്ടപ്പെട്ടുപോയിരുന്നു. സംഭവത്തില്‍ മൂന്നു പേരാണ് പിടിയിലായത്. പലതവണ സൊണാലിയെ ശല്യം ചെയ്ത ഇവരെ എതിര്‍ത്തതിനുള്ള പ്രതികാരമായിരുന്നു ആക്രമണം. ഇവരില്‍ രണ്ടുപേരെ കോടതി കുറ്റക്കാരെന്ന് കണ്ടത്തെിയിരുന്നെങ്കിലും പിന്നീട് ജാമ്യം അനുവദിച്ചു.

Top