ചലച്ചിത്ര താരം മുക്ത വിവാഹിതയായി

കൊച്ചി: തെന്നിന്ത്യന്‍ ചലച്ചിത്ര നടി മുക്ത വിവാഹിതയായി. ഗായികയും നടിയുമായ റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് മുക്തയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ഇടപ്പള്ളി പള്ളിയില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. ക്രിസ്ത്യാനികളുടെ പരന്പരാഗതമായ വസ്ത്രമായ ചട്ടയും മുണ്ടുമായിരുന്നു മുക്തയുടെ വിവാഹ വേഷം. മുണ്ടും വെള്ള ഷര്‍ട്ടുമായിരുന്നു റിങ്കുവിന്റെ വേഷം.

വിവാഹ നിശ്ചയം 23ന് കൊച്ചിയില്‍ നടന്നിരുന്നു. ലാല്‍ ജോസിന്റെ ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ മുക്ത തമിഴ് സിനിമയിലും സജീവമാണ്. ആര്യ നായകനായെത്തുന്ന വി.എസ്.ഒ.പിയാണ് മുക്തയുടെ പുതിയ ചിത്രം.

കോതമംഗലം സ്വദേശികളായ ജോര്‍ജിന്റെയും സാലിയുടെയും മകളായ മുക്തയുടെ യഥാര്‍ത്ഥ പേര് മുക്ത എല്‍സ ജോര്‍ജെന്നാണ്. കലോത്സവ വേദികളിലൂടെയും ടെലിവിഷന്‍ ഷോകളിലൂടെയുമാണ് മുക്ത സിനിമയിലെത്തിയത്.

Top