ചരിത്രം മറന്ന് ഒരുമിക്കാന്‍ പാക്കിസ്ഥാനും ഇന്ത്യയ്ക്കും അമേരിക്കയുടെ ഉപദേശം

ഇസ്ലാമാബാദ്: പഴങ്കഥകള്‍ മറന്ന് പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിച്ച് മുന്നോട്ട് പോകാന്‍ ഇന്ത്യയ്ക്കും പാക്കിസ്ഥാനും അമേരിക്കയുടെ ഉപദേശം. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഉപദേശകന്‍ സര്‍താജ് അസീസുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയാണ് ഇരു രാജ്യങ്ങള്‍ക്കും ഉപദേശം നല്‍കിയത്. തീവ്രവാദത്തെ ഇല്ലാതാക്കാന്‍ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ജോണ്‍ കെറി പറഞ്ഞു.

‘ലഷ്‌കര്‍ ഇ ത്വെയ്ബ പാക്കിസ്ഥാന് മാത്രമല്ല, അയല്‍രാജ്യങ്ങള്‍ക്കും അമേരിക്കയ്ക്കും ഭീഷണിയാണ്. ഇന്ത്യയും പാക്കിസ്ഥാനും ചരിത്രം മറന്ന് ഒന്നിക്കണം. അമേരിക്കയ്ക്ക് മാത്രമല്ല മറ്റൊരു രാജ്യത്തിനും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുകയില്ല’. ജോണ്‍ കെറി പറഞ്ഞു.

തീവ്രവാദികള്‍ക്കെതിരായ പാക്കിസ്ഥാന്റെ നടപടികളെ പുകഴ്ത്തിയ ജോണ്‍ കെറി, പാക്കിസഥാന്‍ എല്ലാ ഭീകരവാദികളെയും ലക്ഷ്യം വെയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ദേശീയ ആക്ഷന്‍ പ്ലാന്‍ അനുസരിച്ചാണ് പാക്കിസ്ഥാനിലെ തീവ്രവാദികള്‍ക്കെതിരെ തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും കെറി വ്യക്തമാക്കി. കഴിഞ്ഞ മാസം പെഷവാറിലെ സൈനിക സ്‌കൂളിലുണ്ടായ ഭീകരാക്രമണത്തില്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജോണ്‍ കെറി അനുശോചിച്ചു.

കഴിഞ്ഞ ദിവസം ഇന്ത്യ സന്ദര്‍ശിച്ച ശേഷം ജമ്മു കാശ്മീര്‍ അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളില്‍ ജോണ്‍ കെറി ആശങ്കയറിയിച്ചിരുന്നു.

Top