തിരുവനന്തപുരം: ‘ഘര്‍വാപസി’യുടെ മറവിലെ മതപരിവര്‍ത്തനം മുന്‍നിര്‍ത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതികൂട്ടിലാക്കാന്‍ എല്‍ഡിഎഫ് ശ്രമം. ഇതിന്റെ ഭാഗമായി ഉമ്മന്‍ചാണ്ടിയെ സംഘപരിവാറിന്റെ അടുപ്പക്കാരായി ചിത്രീകരിക്കാന്‍ ശ്രമം തുടങ്ങി. സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുപിന്നാലെ എല്‍ഡിഎഫും ഈ വിഷയം ഏറ്റെടുത്തിരിക്കുകയാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ മുഖ്യമന്ത്രി തള്ളിപ്പറയാത്തത് സംഘപരിവാര്‍ ബന്ധംകൊണ്ടാണെന്നാണ് എല്‍ഡിഎഫിന്റെ ആരോപണം.
കേരളത്തില്‍ നാലുജില്ലകളിലായി അഞ്ചിടത്താണ് വിഎച്ച്പി നേതൃത്വത്തില്‍ മതപരിവത്തനം നടന്നത്. എന്നാല്‍ യുപി, ബീഹാര്‍ സംസ്ഥാനങ്ങള്‍ ഇത്തരം മതപരിവര്‍ത്തനങ്ങളെ ശക്തമായി നേരിട്ടപ്പോള്‍ കേരളം അനങ്ങാപ്പാറ സമീപനമാണ് സ്വീകരിക്കുന്നതെന്നാണ് എല്‍ഡിഎഫിന്റെ വാദം.
സംസ്ഥാന സര്‍ക്കാരാണ് ഈ വിഷയത്തില്‍ നടപടിയെടുക്കേണ്ടതെന്ന് കെ.സി വേണുഗോപാല്‍ എംപിയുടെ അഭിപ്രായത്തിന് മറുപടിയായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. എന്നിട്ടും ഒരന്വേഷണംപോലും നടത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നാണ് ആരോപണം. കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമില്ലെന്ന നിലപാടാണ് മുഖ്യമന്ത്രിക്ക്. ഇത് ഉമ്മന്‍ചാണ്ടിയുടെ സംഘപരിവാര്‍ ബന്ധംകൊണ്ടാണെന്നാണ് കഴിഞ്ഞ ദിവസം സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തുറന്നടിച്ചത്. ഇക്കാര്യം മുന്‍നിര്‍ത്തി ശക്തമായ പ്രചാരണം നടത്താനാണ് സിപിഎമ്മിന്റേയും പ്രതിപക്ഷത്തിന്റേയും തീരുമാനം.
ഉമ്മന്‍ചാണ്ടി സംഘപരിവാര്‍ കക്ഷികളുമായി സഹകരണത്തിലാണെന്ന് നേരത്തെയും സിപിഐഎം ആരോപിച്ചിരുന്നു. തിരുവനന്തപുരം എം ജി കോളേജില്‍ പൊലീസ് ഉദ്യോഗസ്ഥരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികളായ ആര്‍എസ്എസുകാര്‍ക്കെതിരായ കേസ് പിന്‍വലിച്ചതും പ്രവീണ്‍ തൊഗാഡിയക്കെതിരെ കോഴിക്കോട് കസബ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിച്ചതും ഇതിന്റെ ഭാഗമാണെന്നാണ് സിപിഐഎം പറയുന്നത്. ഇതിനുപിന്നാലെയാണ് ഘര്‍വാപസിയുടെ പേരില്‍ മതപരിവര്‍ത്തനത്തെ പ്രോല്‍സാഹിപ്പിക്കുന്നെന്നും പറഞ്ഞ് മുഖ്യമന്ത്രിയില്‍ സംഘപരിവാര്‍ ബന്ധം ആരോപിക്കുന്നത്.


