ഗൗരിയമ്മയ്‌ക്കെതിരെ കൊടുത്ത കേസ് പിന്‍വലിക്കില്ല: എം.എം. ലോറന്‍സ്

കൊച്ചി: സിപിഎമ്മില്‍ തിരിച്ചെത്തി എന്നതുകൊണ്ട് ഗൗരിയമ്മയ്‌ക്കെതിെര കൊടുത്ത കേസ് പിന്‍വലിക്കില്ലെന്ന് എം.എം. ലോറന്‍സ്. 1968ലെ പാര്‍ട്ടി കോണ്‍ഗ്രസിനായി സമാഹരിച്ച തുക ഉപയോഗിച്ച് ലോറന്‍സ് സ്ഥലംവാങ്ങിയെന്ന ഗൗരിയമ്മയുടെ ആരോപണത്തിനെതിരെയാണ് കേസ്.

താന്‍ സ്ഥലം വാങ്ങിയത് 1962ലാണ്. ഈ ആരോപണം തനിക്ക് മാത്രമല്ല മക്കള്‍ക്കും അപകീര്‍ത്തികരമാണ്. അതിനാലാണ് കേസുകൊടുത്തത്. ഒരു വ്യക്തി മടങ്ങിയെത്തിയതുകൊണ്ടോ പുറത്തുപോയതുകൊണ്ടോ പാര്‍ട്ടി ശക്തിപ്പെടുകയോ ക്ഷയിക്കുകയോ ചെയ്യുമെന്ന് താന്‍ കരുതുന്നില്ലെന്നും ലോറന്‍സ് പറഞ്ഞു.

പാര്‍ട്ടി കോണ്‍ഗ്രസ് നടത്തിയതിന്റ പണം കൊണ്ടാണ് സ്ഥലം വാങ്ങിയതെന്ന ഗൗരിയമ്മയുടെ പ്രസ്താവനയ്‌ക്കെതിരെ എറണാകുളം ജില്ലാ കോടതിയിലാണ് എം എം ലോറന്‍സ് പരാതി നല്‍കിയിട്ടുള്ളത്.

Top