ഗോവിന്ദയുടെ മകള്‍ ടീന അഹൂജ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു

ബോളിവുഡ് നടന്‍ ഗോവിന്ദയുടെ മകള്‍ ഹിന്ദി സിനിമയില്‍ അരങ്ങേറുന്നു. സമീപ് കാങ് സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡിയായ സെക്കന്‍ഡ് ഹാന്‍ഡ് ഹസ്ബന്‍ഡ് എന്ന സിനിമയിലൂടെ ടീന അഹൂജയുടെ അരങ്ങേറ്റം.

നര്‍മദ എന്നാണ് പേരെങ്കിലും ടീന അഹൂജ എന്ന പേരിലാണ് ഗോവിന്ദയുടെ മകള്‍ അരങ്ങേറ്റം കുറിക്കുന്നത്. പഞ്ചാബി സിനിമകളിലെ സ്ഥിരം സാന്നിദ്ധ്യമായ ഗിപ്പി ഗ്രേവാളും ടീനയുടെ നായകനായി ബോളിവുഡില്‍ ചുവട് വയ്ക്കുന്നു. വിവാഹം,ബന്ധം വേര്‍പിരിയല്‍ തുടങ്ങിയ കാര്യങ്ങളെ ആസ്പദമാക്കിയാണ് ഈ സിനിമ ഒരുക്കുന്നത്.

ബോളിവുഡില്‍ കോമഡി വേഷങ്ങള്‍ നന്നായി അവതരിപ്പിച്ചിട്ടുള്ള നടനാണ് ഗോവിന്ദ. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ മകളുടെ അഭിനയത്തെ ഹിന്ദി സിനിമാലോകം ആകാംക്ഷയോടെയാണ് കാണുന്നത്. അച്ഛന്റെ അഭിനയ പ്രതിഭ മകള്‍ക്ക് പകര്‍ന്നു കിട്ടിയിട്ടുണ്ടോയെന്നാവും സിനിമാലോകം തിരക്കുക.

ധര്‍മേന്ദ്ര, രതി അഗ്‌നിഹോത്രി, ഗീത ബസ്ര, സഞ്ജയ് മിശ്ര, വിജയ് റാസ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. ജൂലായില്‍ ചിത്രം റിലീസിനെത്തും.

Top