ഗോവയ്‌ക്കെതിരെ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ജയം

കൊച്ചി: മഞ്ഞയില്‍ കളിച്ചാടി കേരള ബ്ലാസ്‌റ്റേഴ്‌സ് നാട്ടുകാര്‍ക്ക് മുന്നില്‍ തലയെടുപ്പുള്ള കൊമ്പനായി! ഐ എസ് എല്ലിലെ ആദ്യം ഹോം മാച്ചില്‍ കേരളം എഫ് സി ഗോവയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി. ടൂര്‍ണമെന്റില്‍ കേരളത്തിന്റെ രണ്ടാം ജയം. ആദ്യം ജയം പൂനെ എഫ് സി സിറ്റിക്കെതിരെ ആയിരുന്നു.

അറുപത്തിനാലാം മിനുട്ടില്‍ ഇന്ത്യന്‍ താരം മിലാഗ്രസ് ഗോണ്‍സാല്‍വസാണ് വിജയ ഗോള്‍ നേടിയത്. ഇതോടെ, ആറ് മത്സരങ്ങളില്‍ ഏഴ് പോയിന്റുമായി കേരളം ടേബിളില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറി. ഇത്രയും മത്സരങ്ങളില്‍ നാല് പോയിന്റുള്ള എഫ് സി ഗോവ ഏറ്റവും പിറകില്‍, എട്ടാം സ്ഥാനത്ത്. പകരക്കാരനായെത്തി, കേരളത്തിന് ഊര്‍ജം പകര്‍ന്ന് വിജയഗോളടിച്ച ഗോണ്‍സാല്‍വസാണ് മാന്‍ ഓഫ് ദ മാച്ച്. എമെര്‍ജിംഗ് പ്ലെയറായി കേരളത്തിന്റെ തന്നെ സന്ദേശ് ജിംഗാനെ തിരഞ്ഞെടുത്തു.

ലെഫ്റ്റ് ബാക്കില്‍ അധ്വാനിച്ചു കളിച്ച ഗോവയുടെ നാരായണ്‍ ദാസാണ് ഫിറ്റസ്റ്റ് പ്ലെയര്‍. സി എസ് സബീത്തിന്റെ ഷോട്ട് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചതാണ് ഗാലറിയെ ആവേശം കൊള്ളിച്ച നിമിഷമായി തിരഞ്ഞെടുക്കപ്പെട്ടത്. പകരക്കാരുടെ നീക്കത്തിലായിരുന്നു കേരളത്തിന്റെ ഗോള്‍. റാഫേല്‍ റോമിക്ക് പകരമെത്തിയ ബാരിസിചിന്റെ പാസിലായിരുന്നു സബീത്തിന് പകരമെത്തിയ ഗോണ്‍സാല്‍വസിന്റെ ഗോള്‍.

Top