ഗോഡ്‌സേയില്‍ ദശാവതാരമായി മൈഥലി എത്തുന്നു

പലേരി മാണിക്യം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് സിനിമയിലെത്തിയ മൈഥിലി പത്ത് വ്യത്യസ്ത വേഷങ്ങളുമായി എത്തുന്നു. നാടന്‍ വേഷങ്ങളും ബോള്‍ഡ് വേഷങ്ങളും അവതരിപ്പിച്ചിട്ടുള്ള മലയാളി താരം മൈഥിലി തന്റെ അടുത്ത ചിത്രത്തില്‍ പത്ത് വ്യത്യസ്ത വേഷങ്ങളാണ് അവതരിപ്പിക്കുന്നത്. ഗോഡ്‌സേ എന്ന് പേരിട്ടിരിക്കുന്ന ഡാര്‍ക്ക് ഹ്യൂമര്‍ ചിത്രത്തിലാണ് താരം നിരവധി വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

മഗ്ദലീന ഗോമസ് എന്ന നാടക വിദ്യാര്‍ത്ഥിനിയുടെ വേഷമാണ് ചിത്രത്തില്‍ മൈഥിലി അവതരിപ്പിക്കുന്നത്. ഓരോ രംഗങ്ങളിലും ഓരോ വേഷമാകും താരം അവതരിപ്പിക്കുകയെന്ന് ചിത്രത്തിന്റെ സംവിധായകനായ ഷെറി ഗോവിന്ദന്‍ പറഞ്ഞു. സാങ്കല്‍പ്പിക കഥാപാത്രങ്ങളുടെ വേഷങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ധരിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് മഗ്ദലീന.

മഗ്ദലേന വിന്‍സെന്റ് വാന്‍ ഗോഗിന്റെ പ്രണയിനി റാഹേല്‍, കണ്ണകി, ഡെസ്ഡിമോണ, കസ്തൂര്‍ബാ ഗാന്ധി എന്നിങ്ങനെ പത്ത് കഥാപാത്രങ്ങളെ സ്റ്റേജില്‍ അവതരിപ്പിക്കുന്നു. അവരുടെ അതേ വേഷവിധാനങ്ങളിലൂടെയാണ് മൈഥിലി സിനിമയില്‍ പ്രത്യക്ഷപ്പെടുന്നതെന്ന് സംവിധായകന്‍ വ്യക്തമാക്കി.

വിനയ് ഫോര്‍ട്ടാണ് ചിത്രത്തിലെ നായകന്‍. ആകാശവാണിയിലെ ഗാന്ധിമാര്‍ഗം എന്ന പരിപാടി അവതരിപ്പിക്കുന്ന ഹരിശ്ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് വിനയ് അവതരിപ്പിക്കുന്നത്. ഗാന്ധിയുടെ നീതിശാസ്ത്രത്തേയും മൂല്യങ്ങളേയും പറ്റിയുള്ള ഈ പരിപാടി ഹരിശ്ചന്ദ്രനില്‍ ഉണ്ടാക്കുന്ന സ്വാധീനമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ടി.എന്‍ പ്രകാശന്റെ ഗാന്ധിമാര്‍ഗം എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. തലശേരി, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. ആഗസ്റ്റില്‍ ചിത്രം പുറത്തിറങ്ങും.

Top