ചെന്നൈ: ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയ എയെ നാലു വിക്കറ്റിന് കീഴടക്കി ഇന്ത്യ എ കിരീടം നേടി. ഓസ്‌ട്രേലിയ എ ഉയര്‍ത്തിയ 227 റണ്‍സ് വിജയലക്ഷ്യം ഗുര്‍കീരത് സിംഗിന്റെ(87 നോട്ടൗട്ട്) ബാറ്റിംഗ് മികവില്‍ ഇന്ത്യ മറികടന്നു.
ലീഗ് റൗണ്ടിലെ എല്ലാ മത്സരങ്ങളും ജയിച്ചെത്തിയ ഓസ്‌ട്രേലിയക്ക് ഫൈനലില്‍ കാലിടറുകയായിരുന്നു. സ്‌കോര്‍: ഓസ്‌ട്രേലിയ എ 50 ഓവറില്‍ 226/9, ഇന്ത്യ എ 43.3 ഓവറില്‍ 229/6.
ഓസീസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഒരുഘട്ടത്തില്‍ 142/6 എന്ന നിലയില്‍ പരാജയം മുന്നില്‍ക്കണ്ടെങ്കിലും പിരിയാത്ത ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ 87 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഗുര്‍കീരതും സഞ്ജുവും രക്ഷകരായി. ഗുര്‍കീരത്തിനൊപ്പം 24 റണ്‍സുമായി സഞ്ജു പുറത്താകാതെ നിന്നു.
മയാങ്ക് അഗര്‍വാള്‍(32), ക്യാപ്റ്റന്‍ ഉന്‍മുക്ത് ചന്ദ്(24), കേദാര്‍ ജാദവ്(29), അക്ഷര്‍ പട്ടേല്‍(16) എന്നിവരാണ് ഇന്ത്യയുടെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ഗുര്‍കീരതാണ് കളിയിലെ താരം. ഇന്ത്യയുടെ മയാങ്ക അഗര്‍വാള്‍ പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസിന് ഓപ്പണര്‍മാരായ ഉസ്മാന്‍ ക്വവാജയും(76) ബേണ്‍സും(41) ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയെങ്കിലും മധ്യനിര തകര്‍ന്നടിഞ്ഞത് തിരിച്ചടിയായി. 26 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെന്ന നിലയിലായിരുന്ന ഓസീസിന് 226 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ കരണ്‍ ശര്‍മയും രണ്ടു വിക്കറ്റെടുത്ത അക്ഷര്‍ പട്ടേലും ചേര്‍ന്നാണ് ഓസീസിനെ പിടിച്ചുകെട്ടിയത്.


