കൊച്ചി: മദ്യ ലഹരിയില്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് ഗുണ്ടയെ വെട്ടിയത് താനാണെന്ന് പറഞ്ഞ മുന്‍ സിഐടിയു തൊഴിലാളി വാരാപ്പുഴ ജിസ്‌മോനെ (42) പൊലീസ് പിടികൂടി. ഗുണ്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ഷമീറിനെ വെട്ടിയത് താനാണെന്നും നിങ്ങള്‍ എന്നെ പിടിക്കാത്തത് എന്തെന്നുമായിരുന്നു പൊലീസിനോടുള്ള ഇയാളുടെ ചോദ്യം.
ഷമീര്‍ വധക്കേസില്‍ ആദ്യം അറസ്റ്റിലായ സിഐടിയു നേതാക്കളായ ഗബ്രിയേലിനേയും പ്രസാദിനേയും കസ്റ്റഡിയില്‍ വാങ്ങി മറ്റുപ്രതികള്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടയിലാണ് കണ്‍ട്രോള്‍ റൂമിലേക്ക് വിളി വന്നത്. വരാപ്പുഴയില്‍ നിന്നാണ് വിളിവന്നതെന്ന് മനസിലാക്കിയാണ് കേസന്വേഷിക്കുന്ന തൃപ്പൂണിത്തുറ സിഐ ബൈജു എം.പൗലോസ് ഇയാളെ പിടികൂടിയത്.
സിഐടിയുവില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഗുണ്ട ഷമീറും ഇയാളും തമ്മില്‍ വാക്കേറ്റമുണ്ടായിട്ടുണ്ട്. നാട്ടുകാര്‍ക്കിടയില്‍ ആളാകുന്നതിന് ഷമീറിനെ വെട്ടിയത് താനാണെന്ന് രാവിലെ മുതല്‍ പറഞ്ഞ് നടക്കുകയായിരുന്നു.
പൊലീസിനെ കബിളിപ്പിക്കാന്‍ ശ്രമിച്ചതിന് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.


