ഗുജറാത്ത് സ്വദേശിയെ മര്‍ദ്ദിച്ച അമേരിക്കന്‍ പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഇന്ത്യക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച പൊലീസുദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. സംഭവം നടന്ന ആറു ദിവസങ്ങള്‍ക്കു ശേഷമാണ് പൊലീസുകാരനെ അറസ്റ്റ് ചെയ്തത്. ഇന്ത്യക്കാരുടെ ഇടയില്‍ നിന്ന് വ്യാപക എതിര്‍പ്പുണ്ടായിരുന്നതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഗുജറാത്ത് സ്വദേശിയായ 57 കാരനെയാണ് പൊലീസ് മര്‍ദ്ദിച്ചത്.

അതേസമയം, സംഭവത്തില്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) സമാന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മര്‍ദ്ദനമേറ്റയാളുടെ ബന്ധുക്കള്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു.

പൊലീസുകാരുടെ ചോദ്യത്തിന് ഉത്തരം പറയാന്‍ ഇംഗ്ലീഷ് അറിയാത്തതിനാലായിരുന്നു സുരേഷ് ഭായ് പട്ടേലിനെ മാഡിസണ്‍ സിറ്റിയിലെ പൊലീസ് ഉദ്യോഗസ്ഥന്‍ ക്രൂരമായി മര്‍ദ്ദിച്ചത്.

സംഭവത്തില്‍ പ്രതിഷേധം വ്യാപകമായതോടെ മര്‍ദ്ദിച്ച പൊലീസ് മാപ്പു പറഞ്ഞ് തടിയൂരാന്‍ ശ്രമിച്ചിരുന്നു. സുരേഷ് ഭായി പട്ടേലിനോടും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ആത്മാര്‍ത്ഥമായി മാപ്പു ചോദിക്കുന്നുവെന്നാണ് പൊലീസ്‌കാരന്‍ പറഞ്ഞത്.

Top