ഗുജറാത്ത് ബന്ദ്: ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു

അഹമ്മദാബാദ്: പട്ടേല്‍ സമുദായാംഗങ്ങള്‍ നടത്തുന്ന ഗുജറാത്ത് ബന്ദില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് ക്രമസമാധാന നില വീണ്ടെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു.

ദ്രുതകര്‍മ്മസേനയിലെ 5000 പേരെയും സി.ആര്‍.പി.എഫിനെയും ബി.എസ്.എഫിനെയും കേന്ദ്രം ഗുജറാത്തിലേക്ക് അയച്ചിട്ടുണ്ട്. ക്രമസമാധാന നില പുനഃസ്ഥാപിക്കുന്നതിന് എല്ലാ സഹായവും നല്‍കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.

പട്ടേല്‍ സമുദായ നേതാവ് ഹര്‍ദീക്ക് പട്ടേലിനെ അറസ്റ്റ് ചെയ്തതോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. അക്രമങ്ങളില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഇതേത്തുടര്‍ന്ന് പട്ടേലിനെ പൊലീസ് വിട്ടയച്ചു.

ഗുജറാത്തിലെ ജനങ്ങള്‍ അക്രമങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി ട്വീറ്റ്‌ ചെയ്തിട്ടുണ്ട്.

വികസനത്തിന് വേണ്ടി എല്ലാവരും ഒത്തൊരുമിച്ച് നില്‍ക്കണമെന്നും വികസനത്തിലൂടെ മാത്രമേ ജനങ്ങളെ, പ്രത്യേകിച്ച് പാവങ്ങളെ സേവിക്കാന്‍ നമുക്ക് ആകൂ എന്നും അദ്ദേഹം ജനങ്ങളെ ഉദ്‌ബോധിപ്പിക്കുന്നു.

അഹമ്മദാബാദിന് പിന്നാലെ മെഹ്‌സാന, കപോദര, സര്‍ത്താന, ഉഞ്ച, വിശ്‌നഗര്‍തുടങ്ങിയ സ്ഥലങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. വാട്‌സ് ആപ്പ് അടക്കമുളള പല മൊബൈല്‍ ഫോണ്‍ സേവനങ്ങളും റദ്ദാക്കി. ഇത്തരം സംവിധാനങ്ങള്‍ വഴിയുളള പ്രചാരണങ്ങള്‍ കൂടുതല്‍ സംഘര്‍ഷമുണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി.

ഒബിസി പരിധിയില്‍ പട്ടേല്‍ വിഭാഗത്തെയും പെടുത്തണമെന്ന ആവശ്യവുമായാണ് 22കാരനായ ഹര്‍ദീക്ക് പട്ടേല്‍ കഴിഞ്ഞ ദിവസം നിരാഹാരം തുടങ്ങിയത്. ഇന്ന് സംസ്ഥാന വ്യാപകമായി ബന്ദിനും അദ്ദേഹം ആഹ്വാനം ചെയ്തു. അതേ തുടര്‍ന്നാണ് പട്ടേലിനെ അറസ്റ്റ് ചെയ്തത്.

Top