അഹമ്മദാബാദ്: മുതിര്‍ന്ന ഐ.പി.എസ് ഓഫീസറായ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് സര്‍ക്കാര്‍ പിരിച്ചുവിട്ടു. ഗഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് നരേന്ദ്ര മോഡി നേതൃത്വം നല്‍കിയ സര്‍ക്കാറിനെതിരെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത് സഞ്ജീവ് ഭട്ടായിരുന്നു.
ജുനഗഡില്‍ രഹസ്യാന്വേഷണവിഭാഗം ഓഫീസറായിരുന്ന സഞ്ജീവ് ഭട്ട് അനുമതിയില്ലാതെ അവധിയില്‍ പ്രവേശിച്ചു എന്നു കാണിച്ചാണ് പിരിച്ചുവിട്ടത്. 2011 മുതല്‍ സസ്‌പെന്‍ഷനിലാണ് അദ്ദേഹം.
അമ്മയ്ക്ക് അസുഖമായതിനാലാണ് ജോലിക്കെത്താതിരുന്നതെന്ന് അദ്ദേഹം മറുപടി നല്‍കിയിരുന്നു. കൂടാതെ ആ ദിവസങ്ങളില്‍ അദ്ദേഹം കലാപക്കേസ് അന്വേഷിക്കുന്ന നാനാവതി കമീഷന്‍ മുമ്പാകെയും മൊഴി നല്‍കാന്‍ അഹമ്മദാബാദിലും പോയിരുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയോടെയാണ് അദ്ദേഹത്തെ ഗുജറാത്ത് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്.
തന്നെ പിരിച്ചുവിട്ടതായി ഭട്ട് ഫേസ്ബുക്കിലൂടെയും അറിയിച്ചു. ’27 വര്‍ഷത്തെ സേവനത്തിനുശേഷം ഇന്ത്യന്‍ പൊലീസ് സര്‍വീസില്‍ നിന്ന് പിരിച്ചുവിടപ്പെട്ടിരിക്കുന്നു. ഇപ്പോഴും ജോലിക്ക് യോഗ്യനാണ്. ആരെങ്കിലുമുണ്ടോ ജോലി തരാന്‍’ ഫസഞ്ജീവ് ഭട്ട് കുറിച്ചു. അനുവാദമില്ലാതെ അവധിയില്‍ പോയെന്നാണ് സര്‍ക്കാര്‍ ആരോപണം. എന്നാല്‍ അനുമതിയില്ലാതെ അവധിയില്‍ പോയെന്ന് ആരോപിക്കപ്പെടുന്ന സമയത്ത് താന്‍ അന്വേഷണ കമ്മീഷനുകളുടെ മുമ്പില്‍ ഹാജരായതായിരുന്നു; സാകിയ ജാഫ് രിയുടെ പരാതി പരിഗണിക്കുന്ന എസ്.ഐ.ടിക്ക് മുമ്പിലും ഗുജറാത്ത് വംശഹത്യ അന്വേഷിക്കുന്ന നാനാവതി കമ്മീഷന്റെ മുമ്പാകെയും സഞ്ജീവ് ഭട്ട് മറ്റൊരു ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
1988 ബാച്ചിലെ ഐ.പി.എസുകാരനാണ് സഞ്ജീവ് ഭട്ട്. 2002ലെ ഗുജറാത്ത് വംശഹത്യ കേസില്‍ നരേന്ദ്ര മോദിക്കെതിരെ സത്യവാങ്മൂലം നല്‍കിയതോടെയാണ് സഞ്ജീവ് ഭട്ട് ശ്രദ്ധിക്കപ്പെടുന്നതും ഗുജറാത്ത് സര്‍ക്കാറിന്റെ നോട്ടപ്പുള്ളിയാകുന്നതും. കലാപത്തിന്റെ തെളിവുകള്‍ ഗുജറാത്ത് സര്‍ക്കാര്‍ നശിപ്പിച്ചെന്നും ഭട്ടിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.


