ശല്യപ്പെടുത്തരുത്, ഗുജറാത്തികള്‍ ചൈനീസ് ഭാഷ പഠിക്കുന്ന തിരക്കിലാണ് !

അഹമദാബാദ്: ചൈനീസ് പ്രസിഡന്റ് ഇന്ത്യയില്‍ വന്നു പോയതില്‍ പിന്നെ ഗുജറാത്തിലെ മിക്കവരും ഇപ്പോള്‍ ചൈനീസ് ഭാഷ പഠിക്കുന്നതിന്റെ തിരക്കിലാണ് !  ചൈനയുമായി വ്യാപാര കരാര്‍ വിപുലമാക്കിയതിനെ തുടര്‍ന്നാണ് ഗുജറാത്തില്‍ ചൈനീസ് ഭാഷയ്ക്ക് ഡിമാന്റ് കൂടിയത്. ചൈനീസ് ഭാഷ പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ അന്വേഷിച്ചു നടക്കുകയാണ് ഇവിടെയുള്ള ‘ബിസിനസ് വിദഗ്ധര്‍’.

തന്റെ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് നിരവധി വ്യാപാര കരാറുകളില്‍ ഒപ്പുവച്ചിരുന്നു. ചൈനയിലെ ഗ്വാങ്ഷു സിറ്റിയും ഗുജറാത്തിലെ മെഗാ സിറ്റിയായ അഹമ്മദാബാദിനെയും ഉള്‍പ്പെടുത്തിയുള്ള ‘സിസ്റ്റര്‍ സിറ്റി’ പദ്ധതയും ഇതില്‍ പെടും. ഗുജറാത്തില്‍ വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്ന പദ്ധതിക്കും ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ചിരുന്നു.

വ്യാപാര മേഖലയില്‍ ഇടപെടേണ്ടി വരുമ്പോള്‍ ചൈനക്കാരുമായുള്ള കമ്യൂണിക്കേഷന്‍ കൂടുതല്‍ എളുപ്പമാക്കാന്‍ വേണ്ടിയാണ് ഗുജറാത്തികള്‍ ചൈനീസ് ഭാഷ പഠിക്കുന്നതില്‍ താല്‍പര്യം കാട്ടിത്തുടങ്ങിയത്. ചൈനീസ് ഭാഷ പഠിക്കുന്ന ഗുജറാത്തികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയുണ്ടായതായി സിറ്റിയിലെ ചൈനീസ് ടീച്ചര്‍മാര്‍ വ്യക്തമാക്കി. ബിസിനസുകാരും, മെഡിക്കല്‍ രംഗത്തുള്ളവരും, ഇന്റീരിയര്‍ ഡിസൈനര്‍മാരുമാണ് ചൈനീസ് ഭാഷ പഠിക്കുന്നതില്‍ അധികവും.

Top