ഗാംഗുലിയെ പിന്നിലാക്കി ഡിവില്ലേഴ്‌സിന് റെക്കോര്‍ഡ്

ഡര്‍ബന്‍: ഏകദിന ക്രിക്കറ്റില്‍ വേഗത്തില്‍ 8000 റണ്‍സ് സ്വന്തമാക്കുന്ന കളിക്കാരന്‍ എന്ന റെക്കോര്‍ഡ് ഇനി ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സിന് സ്വന്തം. ന്യൂസിലാന്‍ഡിനെതിരെ നടന്ന രണ്ടാം ഏകദിനത്തിലാണ് ഈ നേട്ടം എ.ബി.ഡി സ്വന്തമാക്കുന്നത്.

ഇതോടെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗലിയുടെ പേരിലുള്ള റെക്കോര്‍ഡാണ് പഴങ്കഥയായത്. 208 മത്സരങ്ങളില്‍ നിന്നാണ് ഗാംഗുലിയുടെ നേട്ടമെങ്കില്‍ 190 മത്സരങ്ങളില്‍ നിന്നാണ് ഡിവില്ലിയേഴ്‌സ് 8000 റണ്‍സ് പിന്നിട്ടത്. വിന്‍ഡീസിന്റെ ബ്രയന്‍ ലാറ 216 ഏകദിനങ്ങളില്‍ നിന്നും ബാറ്റിങ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ 217 ഏകദിനങ്ങളില്‍ നിന്നുമാണ് ഈ നേട്ടം സ്വന്തമാക്കിയത്.

കളിയില്‍ 48 പന്തില്‍ നിന്ന് ഡിവില്ലിയേഴ്‌സ് 64 റണ്‍സാണ് അടിച്ചെടുത്തത്. ഒരു സിക്‌സറിന്റെയും എട്ട് ഫോറുകളുടെയും അകമ്പടിയോടെയായിരുന്നു ആ ഇന്നിങ്‌സ്. മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ജയിക്കുകയും മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 21ന് സ്വന്തമാക്കുകയും ചെയ്തു.

Top