ഗബ്ബറിന്റെ വന്‍ തിരിച്ചുവരവ്

ഗബ്ബറിന്റെ ഗംഭീരമായ തിരിച്ചുവരവ്. വന്‍ വിജയങ്ങളൊന്നുമില്ലാതെ ഹിന്ദി ചലച്ചിത്രലോകം നിശബ്ദമായിരിക്കുന്നതിനിടയിലാണ് അക്ഷയ് കുമാറിന്റെ തകര്‍പ്പന്‍ സ്റ്റണ്ടുകളുമായി ബിടൗണില്‍ വീണ്ടും ശബ്ദകോലാഹലങ്ങള്‍ കേട്ടു തുടങ്ങുന്നത്. അക്ഷയ് കുമാറിനെ നായകനാക്കി ക്രിഷ് സംവിധാനം ചെയ്ത ഗബ്ബര്‍ ഈസ് ബാക്ക് വന്‍ വിജയം സ്വന്തമാക്കിയിരിക്കുകായാണ്.
കഴിഞ്ഞ വെള്ളിയാഴ്ച തിയെറ്ററുകളിലെത്തിയ ചിത്രം ആദ്യദിവസം മാത്രം 13.05 കോടി തുകയാണ് സ്വന്തമാക്കിയത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ കലക്ഷനാണ് ഈ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശാണ് സിനിമയുടെ വിജയത്തെക്കുറിച്ച് പറയുന്നത്. ഈ വര്‍ഷം ജനുവരില്‍ തിയെറ്ററിലെത്തിയ അക്ഷയ് കുമാറിന്റെ തന്നെ ചിത്രമായ ബേബിയാണ് ഈ വര്‍ഷം ബോളിവുഡില്‍ വിജയം സൃഷ്ടിച്ച മറ്റൊരു ചിത്രം. ജനുവരിയില്‍ തിയെറ്ററിലെത്തിയ ബേബിയുടെ വിജയത്തിനു ശേഷം മികച്ച വിജയങ്ങളൊന്നും ബോളിവുഡിലുണ്ടായിരുന്നില്ല.
എന്നാല്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച കലക്ഷനാണിപ്പോള്‍ ഗബ്ബര്‍ സ്വന്തമാക്കിയിരിക്കുന്നത്. ശ്രുതി ഹാസനും കരീന കപൂറുമാണ് മറ്റ് അഭിനേതാക്കള്‍. എ.ആര്‍. മുരുഗദോസിന്റെ സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രമായ രമണയുടെ റിമേക്കാണ് ഗബ്ബല്‍ ഈസ് ബാക്ക്.

Top