ഗണേഷിനെ തള്ളിയ കോണ്‍ഗ്രസ് നേതൃത്വം ടി.സിദ്ദിഖിനെ സംരക്ഷിക്കുന്നു

കോഴിക്കോട്: ഭാര്യയുടെ പരാതിയില്‍ മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെ മന്ത്രി സ്ഥാനത്തു നിന്നും നീക്കിയ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതൃത്വവും ഭാര്യയുടെ സ്ത്രീപീഡനക്കേസില്‍ കോടതി കേസെടുത്തിട്ടും കെപിസിസി ജനറല്‍ സെക്രട്ടറി ടി. സിദ്ദിഖിനെ ഭാരവാഹിത്വത്തില്‍ നിന്നും നീക്കിയില്ല.

രാഷ്ട്രീയപരമല്ലാത്ത ക്രിമിനല്‍കേസില്‍ പ്രതികളാകുന്നവരെ പാര്‍ട്ടി ഭാരവഹിത്വത്തില്‍ നിന്നും നീക്കുക എന്ന കെപിസിസി നിലപാടും സിദ്ദിഖിനു മുന്നില്‍ വഴിമാറുകയാണ്.

ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും പണവും ആഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്തതായി സിദ്ദിഖിന്റെ മുന്‍ ഭാര്യ നസീമ നല്‍കിയ പരാതിയിലാണ് കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി കഴിഞ്ഞദിവസം കേസെടുത്തത്.

നസീമയെ മൊഴിചെല്ലി സിദ്ദിഖ് മറ്റൊരാളുടെ ഭാര്യയെ ബന്ധം വേര്‍പെടുത്തി വിവാഹം കഴിച്ചത് വിവാദമായിരുന്നു. ഫേസ്ബുക്കില്‍ സിദ്ദിഖിനെതിരെ നസീമയുടെ വെളിപ്പെടുത്തല്‍ വൈറലായിരുന്നു. ഇതിനെതിരെ മറുപടിയുമായി സിദ്ദിഖും രംഗത്തെത്തിയിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോട്ട് സ്ഥാനര്‍ത്ഥിയായിരിക്കെ ഭാര്യ കാന്‍സര്‍രോഗിയായ കാര്യം വാര്‍ത്തയാക്കി സഹതാപ തരംഗത്തിനു സിദ്ദിഖ് ശ്രമിച്ചിരുന്നു. രോഗമുക്തി നേടിയപ്പോള്‍ ഭാര്യയെ ഉപേക്ഷിച്ച് പുനര്‍വിവാഹം നടത്തിയത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

തട്ടിപ്പുകേസില്‍പ്പെട്ട കോട്ടയം ഡിസിസി ഭാരവാഹിക്കെതിരെ നടപടിയെടുത്ത സുധീരന്‍ സിദ്ദിഖിന്റെ കാര്യത്തില്‍ മൃദുസമീപനം സ്വീകരിക്കുന്നതും പരാതിക്കിടയാക്കുന്നുണ്ട്.

സിദ്ദിഖിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണമെന്ന് കെപിസിസി പ്രസിഡന്റിനോട് ഐ വിഭാഗം രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. സോണിയാ ഗാന്ധിക്കും പരാതി അയച്ചു. മഹിളാ കോണ്‍ഗ്രസ് നേതാക്കളും പ്രതിഷേധമറിയിച്ചു.

ക്യാന്‍സര്‍ രോഗിയായ തനിക്കും മക്കള്‍ക്കും ചെലവിനു നല്‍കാതെ സിദ്ദിഖ് മറ്റൊരു വിവാഹം കഴിച്ചതായി നസീമ കോടതിയില്‍ നല്‍കിയ പരാതിയിലുണ്ട്. സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സിദ്ദിഖിനെതിരെ കോടതി കേസെടുത്തത്.

സിദ്ദിഖ് ജൂണ്‍ 23ന് കോടതിയില്‍ നേരിട്ട് ഹാജരാകണം. സ്ത്രീപീഡന പരാതിയില്‍ മന്ത്രിയെ രാജിവെപ്പിച്ച് ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ച കോണ്‍ഗ്രസ് പാര്‍ട്ടി ഭാരവാഹിയെ സംരക്ഷിക്കുന്നത് തിരിച്ചടിയാകുമെന്ന നിലപാടാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളത്.

Top