‘ഖജനാവിലെ പണം പാര്‍ട്ടിഫണ്ടല്ല’ ; റബ്കോയുടെ കിട്ടാക്കടം ഏറ്റെടുക്കാനുള്ള തീരുമാനത്തിനെതിരെ ചെന്നിത്തല

തിരുവനന്തപുരം : കേരളാ ബാങ്കിന്റെ രൂപീകരണത്തിന്റെ പേരില്‍ റബ്കോയുടെ കിട്ടാക്കടം ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സി പി എം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനമായ റബ്കോ വരുത്തി വച്ച 238 കോടി കിട്ടാക്കടം ഏറ്റെടുക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ചെന്നിത്തലയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ

സി പി എമ്മിന്റെ കെടുകാര്യസ്ഥത മൂലം തകര്‍ച്ച നേരിടുന്ന സ്ഥാപനമായ റബ്‌കോയെ രക്ഷിക്കാന്‍ പൊതുഖജനാവിലെ പണം പാര്‍ട്ടി ഫണ്ട് പോലെ ചിലവഴിക്കുന്ന രീതി അപകടകരമാണ്. കേരളാ ബാങ്കിന്റെ രൂപീകരണത്തിന്റെ പേരില്‍ സി പി എം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനമായ റബ്കോ വരുത്തി വച്ച 238 കോടി കിട്ടാക്കടം ഏറ്റെടുക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണം. കേരളാ ബാങ്കിന് അംഗീകാരം നല്‍കണമെങ്കില്‍ സംസ്ഥാന സഹകരണബാങ്കിന്റെ കിട്ടാക്കടങ്ങള്‍ ഇല്ലാതാക്കണമെന്ന റിസര്‍വ്വ് ബാങ്കിന്റെ നിര്‍ദേശത്തിന്റെ മറപിടിച്ചാണ് ഈ കള്ളക്കളി.

അഞ്ച് സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യവും, സംസ്ഥാന സഹകരണ ബാങ്കും കൂടിയാണ് ഇത്രയും തുക കേവലം പ്രൈമറി സംഘമായ റബ്കോയ്ക് നല്‍കിയത്. ഒരു പൈസ പോലും പലിശയിനത്തില്‍ തിരിച്ചടച്ചില്ല. സി പി എം ഭരണത്തില്‍ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയാണ് സഹകരണ ബാങ്കുകളെക്കൊണ്ട് ഇത്രയും തുക വായ്പയായി നല്‍കിയത്. ഇപ്പോഴത്തെ മുഖ്യമന്ത്രിയായ പിണറായി വിജയനായിരുന്നു റബ്കോയുടെ ആദ്യത്തെ ചെയര്‍മാന്‍. സി പി എം നേതാക്കളുടെ കെടുകാര്യസ്ഥതയില്‍ ഉണ്ടായ വന്‍ നഷ്ടം സര്‍ക്കാര്‍ ഏറ്റെടുക്കുന്ന നടപടി പൊതുഖജനാവിനെ കൊള്ളയടിക്കുന്നതാണ്. പ്രളയത്തിന് നടുവില്‍ ജനങ്ങള്‍ ദുരിതം അനുഭവിക്കുമ്പോള്‍ ഇത്തരത്തില്‍ നിരവധി ധൂര്‍ത്തുകളാണ് ആരും ശ്രദ്ധിക്കില്ലന്ന ധൈര്യത്തില്‍ സര്‍ക്കാര്‍ നടത്തുന്നത്.

Top