ക്രിക്കറ്റ് താരങ്ങള്‍ക്ക് ഒത്തുകളിയിലും വാതുവെപ്പിലും പങ്കില്ലെന്ന് സുരേഷ് റെയ്‌ന

ന്യൂഡല്‍ഹി: ക്രിക്കറ്റ് താരങ്ങള്‍ക്ക് വാതുവെപ്പിലും ഒത്തുകളിയിലും പങ്കില്ലെന്ന് ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. ഐപിഎല്‍ ഒത്തുകളി കേസില്‍ മലയാളി താരം ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവര്‍ കുറ്റവിമുക്തരായ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു റെയ്‌ന. ആദ്യമായാണ് ഒരു ഇന്ത്യന്‍ ടീമംഗം ഒത്തുകളിയില്‍ പരസ്യപ്രസ്താവനയുമായി രംഗത്തെത്തുന്നത്.

ഒത്തുകളിപോലുള്ള സംഭവങ്ങളില്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് പങ്കില്ല. അതുകൊണ്ടുതന്നെ ഇത്തരം ആരോപണങ്ങള്‍ അവരെ തളര്‍ത്തുകയുമില്ല റെയ്‌ന പറഞ്ഞു. അടുത്തിടെ വിവാഹിതനായ റെയ്‌ന ബംനൗളിയില്‍ ഉള്ള വധൂഗൃഹം സന്ദര്‍ശിക്കവെയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഐപിഎല്‍ വാതുവെപ്പ് കേസില്‍ റെയ്‌നയ്‌ക്കെതിരെയും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ബിസിസിഐ ഇത് തള്ളുകയായിരുന്നു. ചെന്നൈ താരങ്ങളായ റെയ്‌നയ്ക്കും ജഡേജയ്ക്കും ബ്രാവോയ്ക്കും ഒത്തുകളിയില്‍ പങ്കുണ്ടെന്ന് മുന്‍ ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോദിയും വ്യക്തമാക്കിയിരുന്നു.

ഇന്ത്യന്‍ ഏകദിന നായകന്‍ ധോണിയുടെ വിശ്വസ്തനായ റെയ്‌നയുടെ നിലപാട് ആരാധകര്‍ ആകാംക്ഷപൂര്‍വമാണ് കാണുന്നത്.

Top