തിരുവനന്തപുരം: വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ സര്‍ക്കാര്‍ നീക്കം. സി.ഇ.ടി എഞ്ചിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥിനി മരണപ്പെട്ട പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇതുസംബന്ധമായ ധാരണയുണ്ടായത്.
ആവശ്യഘട്ടങ്ങളില്‍ ക്യാംപസുകളില്‍ കയറാന്‍ പൊലീസിന് ആരുടെയും അനുമതി വേണ്ടെന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിലപാട് ആഭ്യന്തര വകുപ്പിന്റെ ‘ഹിഡന്‍ അജണ്ട’യുടെ ഭാഗമായിട്ടാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് എന്നും എതിര് നിന്നിട്ടുള്ള ‘സ്വന്തം’ സമുദായ സംഘടനയായ എന്‍.എസ്.എസിന്റെ താല്‍പര്യം നടപ്പാക്കാനാണ് നിലവിലെ സാഹചര്യം ചെന്നിത്തല ഉപയോഗപ്പെടുത്തുന്നതെന്ന ആക്ഷേപവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.
ക്യാമ്പസുകളില്‍ വിപുലമായ അച്ചടക്ക സമിതി രൂപീകരിക്കണമെന്നും ഈ സമിതിയുടെ അനുമതിയില്ലാതെ യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നുമാണ് ഇപ്പോഴത്തെ നിര്‍ദ്ദേശം.
യൂണിയന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരാതി കിട്ടിയാല്‍ പോലീസിന് ക്യാമ്പസില്‍ പരിശോധന നടത്താം. ക്യാമ്പസിലെ ആഘോഷ പരിപാടികള്‍ക്ക് നിയന്ത്രണം കൊണ്ടുവരാനും ഉന്നത തല യോഗം തീരുമാനിച്ചു.
ക്യാമ്പസില്‍ വാഹനങ്ങള്‍ കയറ്റാന്‍ പാടില്ലെന്നും വിദ്യാര്‍ത്ഥികള്‍ ടാഗ് ധരിച്ചുവേണം ക്യാമ്പസില്‍ പ്രവേശിക്കാനെന്നും ടാഗ് ഇല്ലാത്ത വിദ്യാര്‍ത്ഥിക്ക് 500 രൂപ പിഴ ചുമത്തണമെന്നും മൂന്ന് തവണ ടാഗ് ധരിക്കാതെ പിടികൂടിയാല്‍ ഈ വിദ്യാര്‍ത്ഥിയെ പുറത്താക്കണമെന്നും സര്‍ക്കാര്‍ നിലപാടെടുത്തിട്ടുണ്ട്.
ക്യാമ്പസുകളില്‍ യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശനമായ നിയന്ത്രണം കൊണ്ടുവരാനാണ് മറ്റൊരു തീരുമാനം. വിദ്യാര്‍ത്ഥി സംഘടനകളുടെ സഹകരണമില്ലാതെ ഒരിക്കലും നടപ്പാക്കാന്‍ പറ്റാത്ത കാര്യങ്ങളാണ് ആഭ്യന്തര മന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും മേല്‍ നോട്ടത്തില്‍ നടന്ന യോഗത്തിലെടുത്ത തീരുമാനങ്ങള്‍.
ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനും പുതു തലമുറയുടെ രാഷ്ട്രീയ ബോധത്തെ തല്ലിക്കെടുത്താനുമാണ് സര്‍ക്കാര്‍ നീക്കം.
ആഭ്യന്തര മന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പുറമേ വൈസ് ചാന്‍സിലര്‍മാരും വിവിധ കോളേജുകളിലെ പ്രിന്‍സിപ്പല്‍മാരുമാണ് യോഗത്തില്‍ പങ്കെടുത്തത്. ഈ യോഗത്തിലാണ് നിലവില്‍ ഇല്ലാത്ത ചില നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ട് വച്ചിരിക്കുന്നത്.
നിലവിലുള്ള നിയമം അനുസരിച്ച് പ്രിന്‍സിപ്പാളിന്റെ അനുമതിയുണ്ടെങ്കിലെ പൊലീസിന് ക്യാമ്പസിനകത്ത് പ്രവേശിക്കാന്‍ അനുമതിയുള്ളു.


