കോൺഗ്രസിന്റെ തോൽവിക്കു കാരണം മോദി തരംഗമല്ല പിടിപ്പുകേടെന്ന് അശോക് ചവാൻ

മുംബൈ: കോൺഗ്രസിന്റെ കനത്ത തോൽവിക്ക് കാരണം മോദി തരംഗമല്ല പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടെന്ന് മുൻ മുഖ്യമന്ത്രി അശോക് ചവാൻ. സംസ്ഥാന നേതൃത്വം ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കേണ്ടിയിരുന്നു.

അവസാന നിമിഷം എൻ.സി.പിയുമായി സഖ്യം വിടാൻ അവസരമുണ്ടാക്കികൊടുത്തത് പ്രതിച്ഛായക്ക് മങ്ങലേൽപിച്ചു. 15 വർഷത്തെ കഠിനാധ്വാനവും നേട്ടവും ജനങ്ങളിലത്തെിക്കാനായിട്ടില്ല ചവാൻ കുറ്റപ്പെടുത്തി. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി മുൻ മുഖ്യമന്ത്രി പൃഥ്വീരാജ് ചവാൻ പറഞ്ഞു. തോൽവിയുടെ ഉത്തരവാദിത്തമേറ്റ് എം.പി.സി.സി അധ്യക്ഷൻ മാണിക്‌റാവ് തക്രെ രാജിവെച്ചു.

രാജിക്കത്ത് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ചതായി അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2009ൽ 82 സീറ്റുകൾ നേടിയ കോൺഗ്രസിന് ഇത്തവണ 42 സീറ്റുകൾ മാത്രമാണ് കിട്ടിയത്. ബി.ജെ.പി മോദിയെ പ്രയോജനപ്പെടുത്തി തെരഞ്ഞെടുപ്പ് റാലികളിലൂടെയും മാധ്യമങ്ങളിലൂടെയും നിറഞ്ഞുനിന്നപ്പോൾ കോൺഗ്രസ് ചിത്രത്തിലില്ലായിരുന്നു. തോൽവി മുൻകൂറായി സമ്മതിച്ച മട്ടായിരുന്നു കോൺഗ്രസിന്.

Top