കോപ്പ അമേരിക്ക: പെറുവിനെ തകര്‍ത്ത് ചിലി ഫൈനലില്‍

സാന്റിയാഗോ: കോപ്പ അമേരിക്ക ഫുട്‌ബോളിലെ ആദ്യസെമിയില്‍ പെറുവിനെ തകര്‍ത്ത് ചിലി ഫൈനലില്‍. പെറുവിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പിച്ചു. ചിലെയുടെ രണ്ടു ഗോളുകളും നേടിയത് എഡ്വേഡ് വര്‍ഗാസ് (42, 64). ഫൈനലില്‍ അര്‍ജന്റീന പാരഗ്വായ് മല്‍സരത്തിലെ വിജയികളെ ചിലെ നേരിടും.

ഇരുപതാം മിനിറ്റില്‍ തന്നെ കാര്‍ലോസ് സംബ്രാനോയ്ക്ക് ചുവപ്പു കാര്‍ഡ് കണ്ടതോടെ പത്തു പേരുമായി കളിക്കേണ്ടി വന്ന പെറുവിനു ചിലെ ഗോള്‍ മുഖത്ത് വേണ്ടത്ര ആക്രമണം നടത്താനായില്ല.42ാം മിനിറ്റിലായിരുന്നു എഡ്വാര്‍ഡോ വര്‍ഗാസിന്റെ ആദ്യ ഗോള്‍. ആദ്യ പകുതിയില്‍ പ്രതിരോധം ശ്രദ്ധിക്കാന്‍ തുടങ്ങിയ പെറു പലപ്പോഴും ആക്രമണം മറന്നു. എന്നാല്‍ ചിലെ മുഴുവന്‍ സമയവും പെറു ഗോള്‍മുഖത്ത് ആക്രമണം അഴിച്ചുവിട്ടു. ആര്‍ത്തിരമ്പുന്ന സ്വന്തം കാണികള്‍ക്ക് മുന്നില്‍ ചിലെ താരങ്ങള്‍ കളം നിറഞ്ഞു കളിച്ചു.

രണ്ടാം പകുതിയില്‍ ഒരു സെല്‍ഫ് ഗോളിലൂടെയാണ് പെറു സമനില ഗോള്‍ നേടിയത്. ചിലെ മധ്യനിര താരം ഗാരി മെഡലില്‍ നിന്നായിരുന്നു ഗോള്‍. ഗോള്‍ മുഖത്ത് നിന്നു പന്തു ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സെല്‍ഫ് ഗോള്‍. സമനിലയായതോടെ ഉണര്‍ന്നു കളിച്ച ചിലെ സെല്‍ഫ് ഗോള്‍ വീണ് നാലു മിനിറ്റിനകം രണ്ടാം ഗോളുമടിച്ച് ലീഡുയര്‍ത്തി. 64ാം മിനിറ്റില്‍ ഗാരി മെഡല്‍ നല്‍കിയ പാസില്‍ നിന്നായിരുന്നു എഡ്വാര്‍ഡോ വര്‍ഗാസിന്റെ രാണ്ടാം ഗോള്‍.

കണക്കുകള്‍ നോക്കുമ്പോള്‍ 72 ശതമാനം കളിയും ചിലിയുടെ ഭാഗത്തായിരുന്നു. ഇരുടീമുകള്‍ക്കും അഞ്ചോളം ഗോളവസരങ്ങള്‍ ലഭിച്ചെങ്കിലും ചിലിയ്ക്ക് മാത്രമാണ് ലക്ഷ്യം കാണാനായത്.

Top