കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ഗ്രൂപ്പ് സിയില്‍ നിന്ന് അര്‍ജന്റീനയും പരാഗ്വെയും ഉറുഗ്വെയും ക്വാര്‍ട്ടറിലെത്തി. അര്‍ജന്റീന ജമൈക്കയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചപ്പോള്‍ പരാഗ്വെയും ഉറുഗ്വെയും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗ്രൂപ്പ് എ ചാമ്പ്യന്‍മാരായ ചിലി ഉറുഗ്വേയെ നേരിടും.
ദുര്‍ബ്ബലരായ ജമൈക്കക്കെതിരെ നിറം മങ്ങിയ പ്രകടനമാണ് അര്‍ജന്റീന പുറത്തെടുത്തത്. മൂന്ന് മല്‍സരങ്ങളില്‍ നിന്ന് രണ്ട് ജയവും ഒരു സമനിലയും നേടി ഏഴ് പോയന്റോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് അര്‍ജന്റീന ക്വാര്‍ട്ടറിലെത്തിയത്. പതിനൊന്നാം മിനിറ്റില്‍ ഗോണ്‍സാലോ ഹിഗ്വെയ്‌നാണ് അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയത്.
മെസ്സിയുടെ നൂറാം അന്താരാഷ്ട്ര മല്‍സരം ആഘോഷമാക്കാനിറങ്ങിയ അര്‍ജന്റീനയ്ക്ക് മികച്ച പ്രകടനം കാഴ്ച്ച വെക്കാനായില്ല. മെസ്സി മദ്ധ്യനിരയിലേക്ക് പിന്‍വാങ്ങിയതോടെ മുന്നേറ്റത്തിന് പലപ്പോഴും ലക്ഷ്യത്തിലെത്താനായില്ല.
പരാഗ്വെക്കെതിരെ 29ാം മിനിറ്റില്‍ ഉറുഗ്വ്െ താരം യോസെ ഗിമ്മന്‍സ് ഗോള്‍ നേടി. എന്നാല്‍ ആദ്യ പകുതിക്ക് തൊട്ടു മുന്‍പ് ലൂക്കസ് ബാരിയസിലൂടെ പരാഗ്വെ മറുപടി ഗോള്‍ കണ്ടെത്തി. തുടര്‍ന്ന് സമനിലയോടെ ഇരുടീമുകളം ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ തീരുമാനിച്ചതോടെ കളി വിരസമായി. അഞ്ച് പോയന്റോടെ പരാഗ്വെ രണ്ടാമതും നാല് പോയന്റോടെ ഉറുഗ്വെ മൂന്നാമതുമായാണ് ഗ്രൂപ്പ് ബിയില്‍ നിന്ന് ക്വാര്‍ട്ടറിലെത്തിയത്.


