കോന്നി പെണ്‍കുട്ടികളെ കണ്ടെത്തുന്നതില്‍ പോലീസിന് വീഴ്ച പറ്റി: വി.എസ്

കോന്നി: പോലീസ് ജാഗ്രത പാലിച്ചിരുന്നുവെങ്കില്‍ കോന്നിയിലെ പെണ്‍കുട്ടികളുടെ മരണം ഒഴിവാക്കാമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഉയര്‍ന്ന ഉദ്യോഗസ്ഥരടക്കം ജാഗ്രത പാലിക്കണമായിരുന്നു. പെണ്‍കുട്ടികളെ കണ്ടെത്തുന്നതില്‍ പോലീസിന് വീഴ്ച പറ്റിയെന്നും വിഎസ് പറഞ്ഞു. പെണ്‍കുട്ടികളുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, പെണ്‍കുട്ടികള്‍ ഉപയോഗിച്ചിരുന്ന ടാബ്‌ലറ്റ് പോലീസ് ബെംഗളൂരുവില്‍ നിന്ന് കണ്ടെടുത്തിരുന്നു. ചാമ്‌രാജ് പേട്ടയിലെ ഒരു മൊബൈല്‍ കടയില്‍ പെണ്‍കുട്ടികള്‍ ടാബ്‌ലറ്റ് വിറ്റതായാണ് പോലീസ് കണ്ടെത്തിയത്. കടയുടമ പെണ്‍കുട്ടികളുടെ ഫോട്ടോ തിരിച്ചറിഞ്ഞിട്ടുണ്ട്. കോന്നി സിഐയുടെ നേതൃത്വത്തിലുള്ള സംഘം രണ്ടുദിവസം കൂടി ബെംഗളൂരുവില്‍ താമസിച്ച് വിവരങ്ങള്‍ ശേഖരിക്കും.

ട്രെയിനില്‍ നിന്നു വീണ് പരുക്കേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന കോന്നി സ്വദേശിനി ആര്യ സുരേഷിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തിലാണ് പെണ്‍കുട്ടി ജീവന്‍ നിലനിര്‍ത്തുന്നത്. പെണ്‍കുട്ടിക്ക് വിദഗ്ധ ചികില്‍സ നല്‍കുന്നതിനായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് കെ.ബാലഗോപാലിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പ് തലവന്‍മാര്‍ ഉള്‍പ്പെടുന്നതാണ് ബോര്‍ഡ്.

Top