കോണ്‍ഗ്രസ് ഘടകകക്ഷികളുടെ അതിരുവിട്ട സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന് വി.എം.സുധീരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് ഘടകകക്ഷികളുടെ ന്യായമായ പരാതികള്‍ പരിഹരിക്കുമെന്നും എന്നാല്‍ അതിരുവിട്ട സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍. യു.ഡി.എഫില്‍ വലിയ പാര്‍ട്ടിയെന്നോ ചെറിയ പാര്‍ട്ടിയെന്നോ വേര്‍തിരിവില്ല. കോണ്‍ഗ്രസ് ഒരു പാര്‍ട്ടിയോടും വല്യേട്ടന്‍ മനോഭാവവും കാണിക്കാറില്ലെന്നും സുധീരന്‍ പറഞ്ഞു. കെ.പി.സി.സി യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫിന്റെ മേഖലാ ജാഥകള്‍ ഒരു കാരണവശാലും മാറ്റില്ല. ജാഥ തീരുമാനിച്ചത് കോണ്‍ഗ്രസ് തനിച്ചല്ല. യു.ഡി.എഫ് നേതാക്കന്മാര്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ചതാണ്. യു.ഡി.എഫിന്റെ രാഷ്ട്രീയ പ്രചരണത്തിന്റെ ഭാഗമാണ് ആ ജാഥകള്‍. അത് മുന്‍ നിശ്ചയിച്ചതു പോലെ തന്നെ മുന്നോട്ട് പോവും. ഇപ്പോള്‍ ജാഥ മാറ്റിവച്ചാല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നും സുധീരന്‍ വ്യക്തമാക്കി. ബാര്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയായ ശേഷം മതി മേഖലാ ജാഥകള്‍ എന്ന് ധനമന്ത്രി കെ.എം.മാണിയുടെ നിര്‍ദ്ദേശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാലക്കാട് തോല്‍വി സംബന്ധിച്ച് യു.ഡി.എഫ് ഉപസമിതി റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. റിപ്പോര്‍ട്ട് കെ.പി.സി.സിക്ക് ലഭിച്ചിട്ടില്ല. റിപ്പോര്‍ട്ട് കെ.പി.സി.സിക്ക് ലഭിച്ചതിനു ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും സുധീരന്‍ പറഞ്ഞു.

ബാര്‍ കോഴക്കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ് പോവുന്നത്. നിയമപരവും ജനങ്ങള്‍ക്ക് ബോദ്ധ്യപ്പെടുന്ന തരത്തിലുമുള്ള തെളിവുകള്‍ അന്വേഷണത്തില്‍ ലഭിച്ചാല്‍ ഗൗരവത്തോടെ കാണും. അധികാര സ്ഥാനത്ത് ഇരിക്കുന്നു എന്ന പരിഗണനയില്ലാതെ അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണം സംബന്ധിച്ച് പ്രതിപക്ഷത്തിന് പരാതി ഉണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും സുധീരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Top