കൊല്‍ക്കത്ത: കോണ്‍ഗ്രസുമായി സിപിഎം ഒരിടത്തും ഒരുതരത്തിലുമുള്ള സഖ്യവും ഉണ്ടാക്കില്ലെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
കേന്ദ്രകമ്മിറ്റി അംഗം ഗൗതം ദേബ് നടത്തിയ ചില പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണാജനകമായി പ്രചരിച്ചിട്ടുണ്ട്. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതായി രേഖാമൂലം ഗൗതം ദേബ് അറിയിച്ചിട്ടുണ്ട്.
കോണ്‍ഗ്രസുമായി സഖ്യമോ നീക്കുപോക്കോ ഉണ്ടാക്കണമെന്ന് താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും തന്റെ പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിച്ച് തെറ്റായി നല്‍കിയതാണെന്നും ദേബ് പാര്‍ടിയെ അറിയിച്ചു.
കോണ്‍ഗ്രസിനെയും ബിജെപിയെയും ഒരേപോലെ എതിര്‍ക്കണമെന്ന് വിശാഖപട്ടണത്ത് ചേര്‍ന്ന 21ാം പാര്‍ടി കോണ്‍ഗ്രസ് ഉറച്ച തീരുമാനമാണ് എടുത്തിട്ടുള്ളത്. ബംഗാളില്‍ പ്രത്യേകമായി കോണ്‍ഗ്രസുമായി യോജിക്കേണ്ട സാഹചര്യമില്ല യെച്ചൂരി വ്യക്തമാക്കി.
പാര്‍ടിയുടെയും ഇടതുമുന്നണിയുടെയും ജനകീയ അടിത്തറ വിപുലപ്പെടുത്തി തൃണമൂല്‍ കോണ്‍ഗ്രസിനെ നേരിടുന്നതിനാണ് പാര്‍ടി പ്രാധാന്യം നല്‍കുന്നതെന്ന് പിബി അംഗവും ബംഗാള്‍ സംസ്ഥാന സെക്രട്ടറിയുമായ സൂര്യകാന്ത മിശ്ര പറഞ്ഞു.


