കോട്ടയം: പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മരങ്ങാട്ടുപള്ളി പാറയ്ക്കല്‍ സിബി (40)യാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ സിബി മരുന്നുകളോടു പ്രതികരിച്ചിരുന്നില്ല.
മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നാരോപിച്ച് ജൂണ്‍ 29നാണ് സിബിയെ കസ്റ്റഡിയില്‍ എടുത്തത്.
എന്നാല്‍ പിറ്റേദിവസം സിബിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നു സ്‌റ്റേഷനില്‍ നിന്ന് പോലീസ് ബന്ധുക്കളുടെ സഹായത്തോടെ പാലാ ജനറല്‍ ആശുപത്രിയിലും തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവത്തിന്റെ അടിസ്ഥാനത്തില്‍ മരങ്ങാട്ടുപള്ളി എസ്‌ഐ കെ.എ. ജോര്‍ജുകുട്ടിയെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ കസ്റ്റഡിയിലെടുക്കും മുന്‍പാണു സിബിക്കു പരുക്കേറ്റതെന്നാണ് പൊലീസ് ഭാഷ്യം.
സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. ആഭ്യന്തര സെക്രട്ടറിയും കോട്ടയം എസ്‌പിയും സംഭവത്തില്‍ രണ്ടാഴ്ചയ്ക്കരം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചു.

