കൊള്ളപ്പലിശ വാങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കൊള്ളപ്പലിശക്കാരെ നിയന്തിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കൊള്ളപ്പലിശക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കൊള്ളപ്പലിശ വാങ്ങാന്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ഓപ്പറേഷന്‍ കുബേരയുടെ രണ്ടാം ഘട്ടമായി സംസ്ഥാനത്ത് റെയ്ഡുകള്‍ ശക്തമാക്കും. ആലപ്പുഴയില്‍ റവന്യൂ ഉദ്യോഗസ്ഥന്‍ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സാഹചര്യത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചിട്ടിക്കമ്പനികള്‍ക്കെതിരേയും ശക്തമായ നടപടിയുണ്ടാകും. രജിസ്‌ട്രേഷന്‍ ഇല്ലാത്ത നിരവധി ചിട്ടിക്കമ്പനികള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുവെന്ന് ബോധ്യമായിട്ടുണ്ട്.

അനധികൃത കൊള്ളപ്പലിശയെക്കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കണം. ഇതിന് എല്ലാവരുടെയും പിന്‍തുണ വേണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. എല്ലാ ജില്ലകളിലും രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിക്കും. മാധ്യമങ്ങളും ഓപ്പറഷേന്‍ കുബേരയോട് സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സഹകരണ ബാങ്കുകളും പൊതുമേഖല ബാങ്കുകളും ലോണ്‍ നല്കുന്നതിന് ഉദാര സമീപനം സ്വീകരിക്കണം. കൊള്ളപ്പലിശക്കാരെ പറ്റിയുള്ള വിവരങ്ങള്‍ പോലീസ് സ്റ്റേഷനുകളിലോ ബന്ധപ്പെട്ട മറ്റ് അധികാരളെയോ അല്ലെങ്കില്‍ മന്ത്രിയെ നേരിട്ടോ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു.

Top