കൊളംബോ: ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 312 റണ്‍സിന് പുറത്ത്. സെഞ്ച്വറി നേടി പുറത്താകാതെ നിന്ന ചേതേശ്വര്‍ പൂജാരയാണ്(145) ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. 292ന് എട്ട് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ്ങ് ആരംഭിച്ച ഇന്ത്യയ്ക്ക് ഇന്നലത്തെ സ്‌കോറിനോട് 20 റണ്‍സേ ചേര്‍ക്കാനായുള്ളൂ. 59 റണ്‍സെടുത്ത അമിത് മിശ്രയാണ് ഇന്ത്യയുടെ രണ്ടാമത്തെ ടോപ് സ്‌കോറര്‍.
ഇശാന്ത് ശര്‍മ്മയേയും(6) ഉമേഷ് യാദവിനേയും(4) പുറത്താക്കി രംഗന ഹെറാത്ത് ആണ് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സിന് വിരാമമിട്ടത്. ലങ്കയ്ക്ക് വേണ്ടി ദാമിക പ്രസാദ് നാലും ഹെറാത്ത് നാലും വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തെ ടോസ് നേടിയ ലങ്ക ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 14 റണ്‍സെടുക്കുന്നതിനിടെ തന്നെ ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ഇന്നിങ്‌സിന്റെ രണ്ടാമത്തെ പന്തില്‍ തന്നെ കെ.എല്‍ രാഹുല്‍ രണ്ട് റണ്‍സെടുത്ത് പുറത്തായി. നാലാമത്തെ ഓവറില്‍ എട്ട് റണ്‍സെടുത്ത അജിന്‍ക്യ രഹാനെയും പുറത്തായി.
മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യയും ലങ്കയും തമ്മില്‍ ഇപ്പോള്‍ നടക്കുന്നത്. ഇരു ടീമുകളും ഓരോ മത്സരങ്ങള്‍ വീതം ജയിച്ചു. മൂന്നാം ടെസ്റ്റ് ജയിക്കുന്നവര്‍ പരമ്പര നേടും.


