കൊല്‍ക്കത്തയെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി

മുംബൈ: കൊല്‍ക്കത്തയെ അഞ്ചു റണ്‍സിന് കീഴടക്കി മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. മുംബൈ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് പൊള്ളാര്‍ഡ് എറിഞ്ഞ അവസാന ഓവറില്‍ 12 റണ്‍സായിരുന്നു ജയത്തിലേക്ക് വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ തന്നെ യൂസഫ് പത്താനെ നഷ്ടമായതോടെ കൊല്‍ക്കത്ത പരാജയത്തിലേക്ക് വഴുതി. തൊട്ടടുത്ത പന്തില്‍ ബൗണ്ടറി നേടി ഉമേഷ് യാദവ് വീണ്ടും വിജയപ്രതീക്ഷ ഉണര്‍ത്തിയെങ്കിലും ഏഴു പന്ത് നേരിട്ട് കേവലം ഒരു റണ്‍സ് മാത്രമെടുത്ത പിയൂഷ് ചൗളയുടെ ദയനീയ പ്രകടനം കൊല്‍ക്കത്തയുടെ പരാജയത്തില്‍ നിര്‍ണായകമായി. അവസാന മൂന്ന് പന്തില്‍ ജയത്തിലേക്ക് ആറ് റണ്‍സ് മാത്രം വേണ്ടിയിരിക്കെ ഒറു പന്ത് പോലും ബാറ്റില്‍ കൊള്ളിക്കാന്‍ പോലും ചൗളയ്ക്കായില്ല. ജയത്തോടെ മുംബൈ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി.

സ്‌കോര്‍: മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 171/4, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 20 ഓവറില്‍ 166/7.

തോറ്റാല്‍ പ്ലേ ഓഫ് കാണാതെ പുറത്താക്കുമെന്ന സമ്മര്‍ദ്ദത്തില്‍ മുംബൈ ഇന്ത്യന്‍സ് കൈ മെയ് മറന്ന് പൊരുതി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ ഒരുഘട്ടത്തില്‍ 12 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 79 റണ്‍സെന്ന നിലയില്‍ പതറിയെങ്കിലും യുവതാരം ഹര്‍ദ്ദിക് പാണ്ഡ്യയുടെ പോരാട്ടം മുംബൈയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചു. വമ്പനടിക്കാരനായ പൊള്ളാര്‍ഡിനെ കാഴ്ചക്കാരനാക്കി പാണ്ഡ്യ(31 പന്തില്‍ 61 നോട്ടൗട്ട്) അടിച്ചുതകര്‍ത്തപ്പോള്‍ അവസാന അഞ്ചോവറില്‍ മുംബൈ അടിച്ചെടുത്ത് 70 റണ്‍സായിരുന്നു. 38 പന്ത് നേരിട്ട പൊള്ളാര്‍ഡാകട്ടെ 31 റണ്‍സെടുത്ത് പാണ്ഡ്യയ്ക്ക് പിന്തുണ നല്‍കി. കൊല്‍ക്കത്ത ഫീല്‍ഡര്‍മാരുടെ ചോരുന്ന കൈകള്‍ മുംബൈ സ്‌കോറിലേക്ക് കാര്യമായ സംഭാവന നല്‍കി.

മുംബൈ ജയലക്ഷ്യം തേടിയിറങ്ങിയ കൊല്‍ക്കത്തയ്ക്ക് ഓപ്പണിംഗ് വിക്കറ്റില്‍ 45 റണ്‍സെടുത്ത് ഉത്തപ്പഗംഭീര്‍ സഖ്യം മികച്ച തുടക്കമാണ് നല്‍കിയത്. ക്യാപ്റ്റന്‍ ഗൗതം ഗംഭീറും(29 പന്തില്‍ 38), ഷക്കീബ് അല്‍ ഹസനും(15 പന്തില്‍ 23)യൂസഫ് പത്താനും(37 പന്തില്‍ 52) കൊല്‍ക്കത്തയ്ക്കായി പൊരുതിയെങ്കിലും ജയത്തിലേക്ക് അതുമതിയായിരുന്നില്ല. അവസാന ഓവറിലെ ആദ്യ പന്തില്‍ യൂസഫ് പത്താന്‍ പുറത്താവുന്നതുവരെ കൊല്‍ക്കത്തയ്ക്ക് ജയപ്രതീക്ഷയുണ്ടായിരുന്നു. അവസാന മത്സരത്തില്‍ രാജസ്ഥആനെ കീഴടക്കിയാല്‍ മാത്രമെ കൊല്‍ക്കത്തയുടെ പ്ലേ ഓഫ് സ്ഥാനം ഉറപ്പാവു.

Top