കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം അടുത്ത വര്‍ഷം മാര്‍ച്ചില്‍: ഇ.ശ്രീധരന്‍

കൊച്ചി:കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം 2016 മാര്‍ച്ചില്‍ തുടങ്ങുമെന്ന് ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍. അതേസമയം 2016 ല്‍ മെട്രോ പൂര്‍ണമായി സജ്ജമാകില്ല. പാലാരിവട്ടം വരെ ജൂണില്‍ മെട്രോയുടെ സര്‍വീസ് തുടങ്ങും. സ്ഥലമേറ്റെടുക്കല്‍ വൈകിയതാണ് കൊച്ചി മെട്രോക്ക് തിരിച്ചടിയായതെന്ന് അദ്ദേഹം വ്യക്തമാക്കി.

പാളം ഉറപ്പിക്കാന്‍ കരാറുകാരായ അള്‍സ്റ്റോമിന് കൂടുതല്‍ സമയം ആവശ്യമായി വന്നതാണ് പദ്ധതി വൈകാന്‍ കാരണം. മഹാരാജാസ് വരെ ആദ്യ ഘട്ടത്തില്‍ സര്‍വീസ് എന്നതായിരുന്നു ആദ്യ പ്രഖ്യാപനം. നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡി.എം.ആര്‍.സി മുഖ്യകരാറുകാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.

ഇതോടെ 2016 ജൂണില്‍ കൊച്ചി മെട്രോ, കമ്മിഷന്‍ ചെയ്യാനാകുമോയെന്ന് സംശയങ്ങള്‍ നേരത്തെ തന്നെ ഉടലെടുത്തിരുന്നു. മാര്‍ച്ചില്‍ നിര്‍മാണപുരോഗതി വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍മാണം വേഗത്തിലാക്കാന്‍ നടപടികള്‍ കൈക്കൊളളുവെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും കാര്യമായ പുരോഗതികള്‍ ഉണ്ടായിരുന്നില്ല.

Top