കൊച്ചി ടസ്‌കേഴ്‌സിന് ബിസിസിഐ 550 കോടി രൂപ നല്‍കാന്‍ ഉത്തരവ്

ന്യൂഡല്‍ഹി: ഐപിഎല്‍ ടീം കൊച്ചി ടസ്‌കേഴ്‌സിന് ബിസിസിഐ 550 കോടി രൂപ നല്‍കണമെന്ന് ആര്‍ബിട്രേഷന്‍ ഉത്തരവ്. മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര്‍ സി ലഹോട്ടിയുടെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചക്കൊടുവിലാണ് കൊച്ചി ടീമിന് അനുകൂല തീരുമാനമുണ്ടായത്.

കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് 2012ല്‍ കൊച്ചി ടസ്‌കേഴ്‌സ് ടീമിനെ ബിസിസിഐ ഐപിഎല്ലില്‍ നിന്ന് പുറത്താക്കിയത്. കൊച്ചിയുടെ ബാങ്ക് ഗ്യാരണ്ടി തുക നല്‍കാനും ബിസിസിഐ തീരുമാനിച്ചെങ്കിലും ഇത് തിരികെ വാങ്ങാന്‍ ടീമുടമകള്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്നാണ് വിഷയം സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍സി ലഹോട്ടിയുടെ പരിഗണനക്കെത്തിയത്.

ഇരു കക്ഷികളുടേയും ഭാഗം കേട്ട ജസ്റ്റിസ് ലഹോട്ടി കൊച്ചി ടീമിന് ബിസിസിഐ 550 കോടി രൂപ നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. ഈ പണം നല്‍കിയില്ലെങ്കില്‍ വാര്‍ഷിക വരുമാനത്തിന്റെ പതിനെട്ട് ശതമാനം വര്‍ഷം തോറും പിഴയായി ടസ്‌കേഴ്‌സിന് നല്‍കേണ്ടി വരുമെന്നും ആര്‍ബിട്രേഷന്‍ ഉത്തരവില്‍ പറയുന്നു.

എന്നാല്‍ പണം നല്‍കേണ്ടതില്ല പകരം ഐപിഎല്ലില്‍ മത്സരിക്കാന്‍ അനുവദിക്കണമെന്നാണ് കൊച്ചി ടീം ഉടമകളായ റണ്‍ദേവൂ കണ്‍സോര്‍ഷ്യം നിലപാട്. നിലവിലെ സാഹചര്യത്തില്‍ ബിസിസിഐ കൊച്ചി ടീമിനെ ഐപിഎല്ലില്‍ തിരികെയെടുക്കുന്നതിന് തയ്യാറാകില്ലെന്നാണ് വിവരം.

ആര്‍ബിട്രേഷന്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. വിശദമായ നിയമോപദേശം തേടിയതിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ബിസിസിഐ അധികൃതര്‍ അറിയിച്ചു.

Top