കൈക്കൂലി വാങ്ങാന്‍ മടിക്കേണ്ടെന്ന് ഉപദേശിച്ച ഗഡ്കരിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്

മുംബൈ: എതിര്‍പാര്‍ട്ടികള്‍ നല്‍കുന്ന കൈക്കൂലി വാങ്ങാന്‍ മടിക്കേണ്ടെന്നു വോട്ടര്‍മാരെ ഉപദേശിച്ച കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്കു തിരഞ്ഞെടുപ്പു കമ്മിഷന്റെ നോട്ടീസ്. നാളെ വൈകുന്നേരത്തിനുള്ളില്‍ വിശദീകരണം നല്‍കാനാണു നിര്‍ദേശം. കഴിഞ്ഞ ദിവസം ഒരു തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തിലാണു ഗഡ്കരിയുടെ വിവാദ പരാമര്‍ശം.
”വരും ദിവസങ്ങളില്‍ ലക്ഷ്മി ദര്‍ശനത്തിനുള്ള അവസരമാണ് നിങ്ങളെ കാത്തിരിക്കുന്നത്. പ്രമാണിമാര്‍ക്ക് വിദേശ നിര്‍മിതവും സാധാരണക്കാര്‍ക്ക് നാട്ടില്‍ നിര്‍മിച്ചതും. എല്ലാവരും ഗാന്ധിവാദികളായതിനാല്‍ കുറഞ്ഞത് 5000 രൂപയെങ്കിലും ആവശ്യപ്പെടണം. വിലക്കയറ്റം രൂക്ഷമാണെന്നതു മനസിലുണ്ടാകണം. അനധികൃതമായി സ്വരുക്കൂട്ടിയ പണം പാവപ്പെട്ടവരിലെത്താനുള്ള അവസരമാണിത്. ലക്ഷ്മീദേവിയോടു മുഖംതിരിക്കരുത്. പക്ഷേ, വോട്ട് ചെയ്യുമ്പോള്‍ മഹാരാഷ്ട്രയുടെ വികസനം മാത്രമേ മുന്നില്‍ക്കാണാവൂ. അതിനു ബിജെപിക്ക് വോട്ട് ചെയ്യണം’ ഇതായിരുന്നു ഗഡ്കരിയുടെ പ്രസ്താവന.

Top