കൈകൂലി നല്‍കാത്തതിന് യു.പിയില്‍ യുവതിയെ പോലീസ് തീകൊളുത്തി കൊന്നു

ബാരാബങ്കി: ഉത്തര്‍പ്രദേശിലെ ബാരാബങ്കി ജില്ലയില്‍ കൈകൂലി നല്‍കാന്‍ വിസമ്മതിച്ചതിന് യുവതിയെ പോലീസ് തീകൊളുത്തി കൊലപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് രണ്ട് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.

രാം നരേയ്‌ന്റെ ഭാര്യ നിതു ദ്വിവേദിയാണ് മരിച്ചത്. ശരീരത്തിലുടനീളം ഗുരുതര പൊള്ളലേറ്റ 40കാരിയായ നിതുവിനെ ചൊവ്വാഴ്ച ലഖ്‌നോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. യുവതിയുടെ ഭര്‍ത്താവിനെ വിട്ടയ്ക്കാന്‍ പോലീസുകാര്‍ കൈകൂലി ആവശ്യപ്പെടുകയായിരുന്നു. ഭര്‍ത്താവിനെ വിടാന്‍ കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് പോലീസുകാര്‍ തീകൊളുത്തുകയായിരുന്നുവെന്നാണ് ആരോപണം.

പ്രതികളെന്ന് സംശയിക്കുന്ന റായ് സാഹെബ് യാദവ്, അഖിലേഷ് എന്നീ രണ്ട് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഭര്‍ത്താവിനെ മോചിപ്പിക്കാനായി ഒരു ലക്ഷം രൂപ കൈക്കൂലിയായി പോലീസുകാര്‍ ആവശ്യപ്പെട്ടെന്നും തന്നെ അപമാനിച്ചെന്നും മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ യുവതി പറഞ്ഞു.

മുന്‍പും പലതവണ ഓഫിസര്‍മാര്‍ അപമര്യാദയായി പെരുമാറിയിട്ടുണ്ട്. എന്നാല്‍, സ്ത്രീ സ്വയം തീകൊളുത്തുകയായിരുന്നുവെന്നാണ് പോലീസുകാര്‍ പറയുന്നത്. മരിച്ച യുവതിയുടെ മകന്‍ പത്രപ്രവര്‍ത്തകനാണ്.

Top