കേരള മുന്‍ ഗവര്‍ണര്‍ ആര്‍.എസ് ഗവായ് അന്തരിച്ചു

നാഗ്പുര്‍: കേരള, ബിഹാര്‍ മുന്‍ ഗവര്‍ണര്‍ ആര്‍.എസ്. ഗവായ് (86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് നാഗ്പുരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

മരണസമയത്ത് ഭാര്യ കമലയും മക്കളായ മുംബൈ ഹൈക്കോടതി ജഡ്ജി ഭൂഷന്‍ ഗവായ്, രാജേന്ദ്ര എന്നിവരും സമീപമുണ്ടായിരുന്നു. മൃതദേഹം മൂത്തമകന്‍ ജസ്റ്റീസ് ഭൂഷന്‍ ഗവായുടെ നാഗ്പുരിലെ വീട്ടിലേക്കുകൊണ്ടുപോയി.

സംസ്‌കാരം ജന്മദേശമായ അമരാവതി ജില്ലയിലെ ദാരിപുരിയില്‍ നാളെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടത്തും.

കേരളത്തിന്റെ പതിനാറാമത്തെ ഗവര്‍ണറായി 2008 ജൂലായ് 10നാണ് ആര്‍.എസ്.ഗവായ് സ്ഥാനമേറ്റത്. അതിനു മുമ്പ് രണ്ടു വര്‍ഷം അദ്ദേഹം ബിഹാര്‍ ഗവര്‍ണറായിരുന്നു. കേരളത്തിലെ പ്രവര്‍ത്തനകാലത്ത് വിവാദങ്ങളില്‍ നിന്നൊഴിഞ്ഞു നില്‍ക്കാന്‍ ഗവായ് കഴിയുന്നത്ര ശ്രമിച്ചിരുന്നു.

പഴയ ഗുസ്തിക്കാരന്‍ കൂടിയായ ഗവായ് 1964 മുതല്‍ 1994 വരെ മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായിരുന്നു. ഇതില്‍ 1968 മുതല്‍ 1978 വരെ കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനും1978 മുതല്‍ 1984 വരെ ചെയര്‍മാനുമായി.

1986 മുതല്‍ 1988 വരെ മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിച്ചു. 1998ല്‍ അമരാവതിയില്‍ നിന്ന് ലോക്‌സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Top