കേരള ബ്ലാസ്‌റ്റേഴ്‌സ്, ചെന്നൈയിന്‍ എഫ് സിയെ നേരിടും

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ്, ചെന്നൈയിന്‍ എഫ് സിയെ നേരിടും. വൈകുന്നേരം ഏഴിന് ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് മല്‍സരം. ആദ്യ മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് പരാജയപ്പെട്ടിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ചെന്നൈക്കെതിരെ ഐ എസ് എല്ലിലെ ആദ്യ ജയം ലക്ഷ്യമിട്ടാകും ഇറങ്ങുക.

ഗുവാഹത്തിയില്‍ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ജോണ്‍ എബ്രഹാമിന്റെ ടീം ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്. നോര്‍ത്ത് ഈസ്റ്റിനെതിരെ പൊരുതിക്കളിച്ചെങ്കിലും അവസരങ്ങള്‍ മുതലാക്കാന്‍ ബ്ലാസ്റ്റേഴ്‌സിന്റെ സ്‌ട്രൈക്കര്‍മാര്‍ക്ക് കഴിഞ്ഞിരുന്നില്ല. സി എസ് സബീത്തും മൈക്കല്‍ ചോപ്രയും ഇയാന്‍ ഹ്യൂമുമടങ്ങുന്ന മുന്നേറ്റ നിരയില്‍ വിശ്വാസമര്‍പ്പിച്ച് തന്നെയാകും കേരള ടീം ഇറങ്ങുക.

മദ്ധ്യനിരയില്‍ പെന്‍ ഓര്‍ജിയും ഗോള്‍പോസ്റ്റിന് കീഴില്‍ ഡേവിഡ് ജെയിംസും പുറത്തെടുക്കുന്ന മികവിനനുസരിച്ചാകും ചെന്നൈയിനെതിരായ ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം. എഫ് സി ഗോവയെ എവേ മല്‍സരത്തില്‍ പരാജയപ്പെടുത്തിയതിന്റെ മികവുമായാണ് ചെന്നൈയിന്‍ എഫ് സി, സ്വന്തം മൈതാനത്ത് കളിക്കാനിറങ്ങുന്നത്.

മാര്‍ക്വി പ്ലെയര്‍ എലാനോയും ഇന്ത്യന്‍ താരം ബല്‍വന്ത് സിങ്ങും മികച്ച ഫോമിലുള്ളതും പരിശീലകനായി മറ്റരാസിയുടെ സാന്നിദ്ധ്യവും ചെന്നൈയിന്‍ ടീമിന് കരുത്ത് പകരും. ഒപ്പം മദ്ധ്യനിരിയില്‍ ബോജന്‍ ജോര്‍ജിച്ചുമെത്തുന്നതോടെ ചെന്നൈയിനെ പിടിച്ചുകെട്ടാന്‍ ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം പുറത്തെടുക്കേണ്ടി വരും.

Top