ന്യൂഡല്‍ഹി: കേരളത്തില്‍ രണ്ട് ദേശീയപാതകള്‍ കൂടി അനുവദിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഇതിനായി ഭൂമി ഏറ്റെടുക്കലിന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അധ്യക്ഷനായ പ്രത്യേക സമിതിയുണ്ടാക്കും. നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
വിഴിഞ്ഞം തുറമുഖത്തേക്കും കണ്ണൂര്‍ വിമാനത്താവളത്തിലേക്കും ദേശീയപാതയുണ്ടാക്കാനും യോഗത്തില്‍ തീരുമാനമായി. വിഴിഞ്ഞം തുറമുഖത്തിന് കബോട്ടാഷ് നിയമത്തില്‍ ഇളവ് നല്‍കുന്ന കാര്യം ഉടന്‍ പരിഗണിക്കുമെന്നും ഗഡ്കരി പറഞ്ഞു.
സമിതി അധ്യക്ഷനുള്‍പ്പടെ അഞ്ച് പേരായിരിക്കും പ്രത്യേക സമിതിയില്‍ ഉണ്ടാവുക. റവന്യൂ, പൊതുമരാമത്ത് വകുപ്പുകളിലെയും ദേശീയപാത അതോറിറ്റിയിലെയും ഉദ്യോഗസ്ഥരായിരിക്കും ചീഫ് സെക്രട്ടറിക്ക് പുറമെ സമിതിയിലുള്ള അംഗങ്ങള്‍.
നഗരപരിധികളില്‍ 1:4 എന്ന തോതിലും ഗ്രാമീണമേഖലയില്‍ 1:2 അനുപാതത്തിലും വിപണി വിലയേക്കാള്‍ കൂടുതല്‍ തുക നഷ്ടപരിഹാരമായി നല്‍കാനും തീരുമാനമായിട്ടുണ്ട്.


