ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ക്ഷാമബത്ത ആറ് ശതമാനമാക്കി വര്‍ദ്ധിപ്പിച്ചു. ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിലവില്‍ ശമ്പളത്തിന്റെ 113 ശതമാനമാണ് ക്ഷാമബത്തയായി നല്‍കുന്നത്. ഇതാണ് ഇപ്പോള്‍ ആറ് ശതമാനം ഉയര്‍ത്തി 119 ശതമാനമാക്കിയിരിക്കുന്നത്. ഒരു കോടിയോളം വരുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
കഴിഞ്ഞ ഏപ്രിലില്‍ ആറ് ശതമാനം ഡി.എ ഉയര്‍ത്തിയിരുന്നു. ജനുവരി മുതലുള്ള മുന്‍കാല പ്രാബല്യത്തോടെയായിരുന്നു ഇത് നടപ്പാക്കിയത്. അതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും ഡി.എ ആറ് ശതമാനം കൂടി ഉയര്‍ത്തിയിരിക്കുന്നത്.
ജുലൈ ഒന്ന് മുതല്‍ പുതുക്കിയ ഡി.എ നിലവില്‍വരും. ആറാം ശമ്പള കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാര്‍ ക്ഷാമബത്തയില്‍ വര്‍ദ്ധനവ് വരുത്തിയിരിക്കുന്നത്. സര്‍ക്കാരിന്റെ തന്നെ കണക്ക് അനുസരിച്ച് 48 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരും 55 ലക്ഷം പെന്‍ഷന്‍കാര്‍ക്കും പുതുക്കിയ ക്ഷാമബത്തയുടെ പ്രയോജനം ലഭിക്കും.


