ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിക്കുന്ന സമ്പൂര്‍ണ ബജറ്റില്‍ ലക്ഷ്യം വയ്ക്കുക മധ്യവര്‍ഗത്തെ. പ്രത്യക്ഷ നികുതിയില്‍ വന്‍ ഇളവിനു സാധ്യത. ആദായനികുതി പരിധി ഉയര്‍ത്തും. ആദായനികുതി ഒഴിവു പരിധിയും നിക്ഷേപങ്ങള്‍ക്കുള്ള ഒഴിവു പരിധിയും വര്‍ധിപ്പിച്ചേക്കും. രണ്ടര ലക്ഷം രൂപ വരെയുള്ളവര്‍ക്കാണ് ആദായനികുതി ഇളവുള്ളത്.
ആരോഗ്യ ഇന്‍ഷ്വറന്‍സ് നിക്ഷേപങ്ങളുടെ നികുതി ഒഴിവ് പരിധി ഉയര്‍ത്തും. ലീവ് ട്രാവല്‍ അലവന്‍സ് വ്യാപിപ്പിക്കുക വഴി ഇതുവഴിയും നികുതി ഇളവ് അവകാശപ്പെടാന്‍ അനുവദിക്കും. ഭവനവായ്പ തിരിച്ചടവില്‍ കൂടുതല്‍ നികുതിയിളവുകള്‍ പരിഗണിക്കുന്നു. മധ്യ വര്‍ഗത്തെ ചൂഷണം ചെയ്യാതെ പണം ചെലവഴിപ്പിക്കാനാണു ജയ്റ്റ്‌ലിയുടെ ശ്രമം. ഇതു വഴി വിപണിയിലേക്ക് കൂടുതല്‍ പണമൊഴുക്ക് സാധ്യമാകുമെന്നു മന്ത്രി വിലയിരുത്തുന്നു.
സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം തത്കാലം മന്ത്രി സ്വീകരിച്ചേക്കില്ല. തത്സ്ഥിതി തുടരാനാണു സാധ്യത. റെയ്ല്‍വേ ബജറ്റില്‍ യൂറിയയ്ക്കുള്ള ചരക്ക് കൂലി വര്‍ധിപ്പിച്ചത് കര്‍ഷകര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ യൂറിയ അടക്കം കര്‍ഷകര്‍ക്ക് നല്‍കുന്ന വളം സബ്‌സിഡികള്‍ വെട്ടിക്കുറച്ചാല്‍ സര്‍ക്കാരിന് തിരിച്ചടിയാകുമെന്നാണു കരുതുന്നത്. ഇതോടൊപ്പം യൂറിയയുടെ വിലനിയന്ത്രണം എടുത്തു കളയാനുള്ള തീരുമാനവും ഉണ്ടാകില്ല. വളം സബ്‌സിഡി ഇനത്തില്‍ പ്രതിവര്‍ഷം 700 ബില്യണ്‍ രൂപയാണു സര്‍ക്കാര്‍ നല്‍കുന്നത്.
കാര്‍ഷിക മേഖലക്ക് ബജറ്റില്‍ പ്രത്യേകം ഊന്നല്‍ നല്‍കും. ജിഡിപിയുടെ 15 ശതമാനം കാര്‍ഷിക മേഖലയില്‍ നിന്നുമാണു ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇവരെ ഒഴിവാക്കി ബജറ്റ് അവതരിപ്പിക്കാന്‍ തയാറല്ലെന്നു ധനമന്ത്രാലയ വൃത്തങ്ങള്‍. കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുന്ന വിവിധ ക്ഷേമപദ്ധതികള്‍, ജലം, വൈദ്യുതി എന്നിവ ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ എന്നിവയും ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചേക്കും.
സ്വര്‍ണ ഇറക്കുമതി തീരുവ കുറയ്ക്കാന്‍ സാധ്യതയുണ്ട്. ധനക്കമ്മി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് രാജ്യത്ത് ഏറ്റവുമധികം ഇറക്കുമതി നടക്കുന്ന സ്വര്‍ണത്തിന് ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഈ തീരുമാനം കയറ്റുമതിയേയും സാരമായി ബാധിച്ചു. ഇതോടെ ആഭരണക്കയറ്റുമതിയില്‍ വന്‍ ഇടിവുണ്ടായി.
ഇതുകൂടാതെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെട്ട 25 വിഭാഗങ്ങളില്‍ ഒന്ന് സ്വര്‍ണ നിര്‍മാണ മേഖലയാണ്. ഈ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കൂടിയാണു ഇളവ് പ്രഖ്യാപിക്കുക. അതേസമയം, എക്‌സൈസ് ഡ്യൂട്ടിയില്‍ ഇളവ് അനുവദിക്കില്ലെന്ന റിപ്പോര്‍ട്ടുള്ളതിനാല്‍ ഓട്ടോമൊബൈല്‍ മേഖലയ്ക്ക് കാര്യമായ പ്രതീക്ഷയില്ല.


