കെജ്‌രിവാളിനെ ‘ഭാഗ്യദോഷി’യെന്നു വിളിച്ച പ്രധാനമന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍

ന്യൂഡല്‍ഹി : ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്‌രിവാള്‍ ഭാഗ്യദോഷിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പരാമര്‍ശം വിവാദമാകുന്നു. അദ്ദേഹത്തിന്റെ പദവിയ്ക്കു ചേര്‍ന്ന പരാമര്‍ശമല്ല മോഡി നടത്തിയതെന്ന് ആം ആദ്മി പാര്‍ട്ടി കുറ്റപ്പെടുത്തി. ദ്വാരകയില്‍ നടന്ന തിരഞ്ഞെടുപ്പു റാലിക്കിടെയായിരുന്നു പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവന.

രാജ്യാന്തര വിപണിയില്‍ എണ്ണ വില കുറഞ്ഞത് തന്റെ ഭാഗ്യം കൊണ്ടാണെങ്കില്‍ എന്തിനു ഭാഗ്യദോഷികള്‍ക്ക് വോട്ടു ചെയ്യണമെന്നായിരുന്നു മോദി ചോദിച്ചത്. എണ്ണ വില കുറഞ്ഞത് പ്രധാനമന്ത്രിയുടെ ഭാഗ്യം കൊണ്ടാണെങ്കില്‍ അതിന്റെ ഗുണമനുഭവിക്കാന്‍ സാധിക്കാത്ത സാധാരണക്കാര്‍ എത്രയോ നിര്‍ഭാഗ്യവാന്‍മാരാണെന്നാണ് സോഷ്യല്‍ മീഡിയയിലെ മറു ചോദ്യം.

രാഷ്ട്രീയ നേതാക്കളെ വിമര്‍ശിച്ചു നടന്നിരുന്ന കിരണ്‍ ബേദിയെ പെട്ടെന്ന് പാര്‍ട്ടിയിലെടുക്കുകയും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുകയും ചെയ്തത് തന്ത്രത്തിനൊപ്പം ഒരു ഭാഗ്യപരീക്ഷണം കൂടിയാണെന്ന വിമര്‍ശനം നേരത്തേതന്നെ ബിജെപിയ്‌ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്.

അതേസമയം ഇത്തരം തരംതാണ രാഷ്ട്രീയം ജനങ്ങള്‍ കാണുന്നുണ്ടെന്ന കാര്യം പ്രധാനമന്ത്രി മറക്കരുതെന്ന് എഎപി നേതാവ് അശുതോഷ് അഭിപ്രായപ്പെട്ടു.

Top