മലപ്പുറം: രാഷ്ട്രീയ കൊലപാതകങ്ങളും തമ്മിലടിയും സൈബര്‍ പോരും നടമാടുന്ന കേരളത്തിന് പകര്‍ത്താന്‍ ഇതാ നിലമ്പൂരില്‍ നിന്നൊരു നല്ല പാഠം.
നിലമ്പൂര്‍ നഗരസഭയും കരുളായി പഞ്ചായത്തും കൈകോര്‍ത്ത് ജൈവ നെല്‍കൃഷി ഇറക്കിയപ്പോള്‍ അത് നാടെങ്ങും പകര്‍ത്താവുന്ന രാഷ്ട്രീയമില്ലാത്ത ജൈവ കൃഷിയുടെ സന്ദേശമായി.
നഗരസഭാ ചെയര്‍മാനും കെ.പി.സി.സി അംഗവുമായ ആര്യാടന്‍ ഷൗക്കത്തും സി.പി.എം ഏരിയാ സെന്റര്‍ അംഗവും മുന്‍ നിലമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായ എന്‍.വേലുക്കുട്ടിയും മുസ്ലീം ലീഗ് കൗണ്‍സിലര്‍ ഫിറോസ് ഖാനും ചേര്‍ന്നാണ് ഏനാന്തി മരുതങ്ങാട് പാടത്തെ 14 ഏക്കറില്‍ നടീല്‍ യന്ത്രം ഉപയോഗിച്ചുള്ള ഞാറു നടലിന് തുടക്കമിട്ടത്.
കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ പൂഴിക്കുത്തും ബ്ലോക്ക് പഞ്ചായത്തംഗം സിബിയും കൃഷി ഓഫീസര്‍ അജിത് സിങും കര്‍ഷകരും വരമ്പത്ത് നിന്ന് കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. ഞാറു നടാന്‍ കരുളായിയിലെ മഹിളാ കിസാന്‍ ശാക്തീകരണ യോജനയിലെ വനിതാ പ്രവര്‍ത്തകരെത്തിച്ച നടീല്‍ യന്ത്രം ആര്യാടന്‍ ഷൗക്കത്ത് ഓടിച്ചപ്പോള്‍ ഇരുവരും ഒപ്പം ചേരുകയായിരുന്നു.
14 ഏക്കറില്‍ നാല് ഏക്കര്‍ പാടം നിലമ്പൂര്‍ നഗരസഭയിലും 10 ഏക്കര്‍ കരുളായി പഞ്ചായത്തിലുമാണ്. ടൈല്‍ കമ്പനിക്കാര്‍ സ്വന്തമാക്കിയ പാടത്ത് മണ്ണ് ഖനനം തടഞ്ഞ് കര്‍ഷകകൂട്ടായ്മയില്‍ കൃഷി ഇറക്കാനായതിന്റെ ഇരട്ടിമധുരം കൂടിയുണ്ട് ഇവിടുത്തെ കൃഷിക്കാര്‍ക്ക്.
ടൈല്‍ കമ്പനിയില്‍ നിന്നും വയല്‍ പാട്ടത്തിനു വാങ്ങി നിലമ്പൂരുകാരായ എന്‍. വേലുക്കുട്ടി, ചന്തക്കുന്ന് കടപ്പുമണ്ണില്‍ സ്‌ക്കറിയ, മകന്‍ ജിനു സ്‌ക്കറിയ, ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് കൃഷി ഇറക്കിയത്. സ്ഥലത്തിന്റെ ഒരു ഭാഗം കരുളായി പഞ്ചായത്തിലായതിനാല്‍ നഗരസഭക്ക് പുറമെ കരുളായി പഞ്ചായത്തിന്റെയും സഹായം തേടുകയായിരുന്നു.
ജൈവ കൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി കര്‍ഷകര്‍ക്ക് നിലം ഒരുക്കാന്‍ 6000 രൂപയും ജൈവ വളവും തരിശുഭൂമി കൃഷി ഇറക്കല്‍ പദ്ധതിയിലെ ആനുകൂല്യവും നല്‍കുമെന്ന് നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.
പാടത്തേക്ക് വെള്ളമെത്തിക്കാന്‍ തൊഴിലുറപ്പു പദ്ധതിയിലൂടെ കുടുംബശ്രീ പ്രവര്‍ത്തകരെക്കൊണ്ട് കനാലും നിര്‍മ്മിക്കും. ഉമ , കോയമ്പത്തൂര്‍-25 എന്നീ നെല്‍വിത്തുകളാണ് ഉപയോഗിച്ചിരിക്കുന്നത്. നഗരസഭ പരിധിയിലെ നാല് ഏക്കറില്‍ മൂന്നേക്കറില്‍ ജൈവപച്ചക്കറി കൃഷിയാണ് ചെയ്യുന്നത്. ഇതിനുള്ള നിലവും ഒരുക്കിക്കഴിഞ്ഞു. കുമ്പളം, പയര്‍, മത്തന്‍, വാളരി പയര്‍ എന്നിവയാണ് കൃഷി ചെയ്യുക.
രാസവളങ്ങളും കീടനാശിനികളും പ്രയോഗിച്ച് വിഷമയമായ അന്യസംസ്ഥാന പച്ചക്കറികള്‍ ഉപേക്ഷിച്ച് സമ്പൂര്‍ണ്ണ ജൈവ പച്ചക്കറി കൃഷിയിലേക്ക് ചുവടുവെച്ചിരിക്കുകയാണ് നിലമ്പൂര്‍ നഗരസഭ. 165 ഏക്കറില്‍ ജൈവ നെല്‍കൃഷി ഇറക്കാനും തീരുമാനിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിനതീതമായ കൂട്ടായ്മയാണ് ജൈവകൃഷിയിലുള്ളത്.
വിഷാംശമുള്ള പച്ചക്കറികള്‍ വാങ്ങി ഭക്ഷിക്കേണ്ട ഗതികേടിലുള്ള ജനങ്ങള്‍ കണ്ട് പഠിക്കേണ്ടതാണ് നിലമ്പൂരിലെ ഈ മാതൃക.


