കൂടത്തായി കൊലപാതകം; പ്രതി ജോണ്‍സന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയേക്കും

കോഴിക്കോട്: കൂടത്തായി കൊലപാതക കേസില്‍ ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സന്റെ രഹസ്യമൊഴി ( 164 ) പൊലീസ് രേഖപ്പെടുത്തിയേക്കും. ഇതിനായുള്ള നീക്കം പൊലീസ് നടത്തുന്നതായാണ് വിവരം. നാളെ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലീസ് ഇതിനായുള്ള അപേക്ഷ സമര്‍പ്പിക്കും.

കൂടത്തായി കൊലപാതകക്കേസില്‍ റീപോസ്റ്റുമോര്‍ട്ടം നടത്തിയെങ്കിലും മരിച്ചവരുടെ ശരീരത്തില്‍ നിന്ന് സയനൈഡിന്റെ അംശം കണ്ടെത്താനായില്ല. ഹൈക്കോടതിയിലാണ് പൊലീസ് ഇക്കാര്യം പറഞ്ഞത്. കേസില്‍ പ്രതിയായ പ്രജി കുമാറിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുമ്പോഴാണ് അന്വേഷണസംഘം ഇക്കാര്യം അറിയിച്ചത്.

മൃതദേഹം സംസ്‌കരിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ സയനൈഡിന്റെ അംശം കണ്ടെത്തുക ബുദ്ധിമുട്ടായിരുന്നു. എന്നാല്‍, മുഖ്യപ്രതി ജോളിയുടെ വീട്ടില്‍ നിന്ന് തന്നെ സയനൈഡ് കിട്ടിയിട്ടുണ്ടെന്നും ഇത് പ്രധാന തെളിവായി മാറുമെന്നും പൊലീസ് പ്രജി കുമാറിന് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു.

Top