കിക്കിന്റെ രണ്ടാം ഭാഗത്തില്‍ സല്‍മാന്‍ ഖാന്‍ ഇരട്ടവേഷത്തില്‍ എത്തുന്നു

ബോളിവുഡ് ബ്ലോക്ക്ബസ്റ്റര്‍ ചിത്രം കിക്കിന്റെ രണ്ടാം ഭാഗത്തില്‍ സല്‍മാന്‍ ഖാന്‍ ഇരട്ടവേഷത്തില്‍. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സല്‍മാന്‍ ഖാന്‍ തന്നെയാണ് ഇക്കാര്യം പറഞ്ഞത്.

കിക്കിന്റെ രണ്ടാം ഭാഗം ചെയ്യുന്നതിനുള്ള തീരുമാനം ആയിട്ടുണ്ടെന്നും സ്‌ക്രിപ്റ്റ് തയാറാകുന്ന മുറയ്ക്ക് ഷൂട്ടിംഗ് ആരംഭിക്കുമെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു.

അതേസമയം കിക്ക് രണ്ടാം ഭാഗത്തിനുള്ള കഥ പൂര്‍ത്തിയാകണമെങ്കില്‍ രണ്ട് മുതല്‍ മൂന്ന് മാസം വരെ സമയമെടുക്കുമെന്നാണ് കിക്കിന്റെ സംവിധായകനും നിര്‍മ്മാതാവുമായ സാജീദ് നദിയദ്‌വാലയുടെ നിലപാട്. കഥ പൂര്‍ത്തിയായ ശേഷം മാത്രമെ സിനിമ ഏത് ലെവലിലേക്ക് കൊണ്ടു പോകണം എന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുകയുള്ളുവെന്നും സാജിദ് വ്യക്തമാക്കി.

ബോക്‌സ്ഓഫീസില്‍ വലിയ ഹിറ്റുകള്‍ തീര്‍ത്ത കിക്ക് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നാണ്. 377 കോടി രൂപയായിരുന്നു കിക്കിന്റെ ആകെ കളക്ഷന്‍.

ജാക്വിലിന്‍ ഫെര്‍ണാണ്ടസായിരുന്നു കിക്കിലെ നായിക. രണ്ടാം ഭാഗത്തിലും ജാക്വിലിനെ തന്നെ നിലനിര്‍ത്താനാണ് സാധ്യത.

Top