കാസര്‍ഗോഡ് ഉണ്ടായ വാഹനാപകത്തില്‍ കോളേജ് വിദ്യാര്‍ത്ഥി മരിച്ചു

കാസര്‍ഗോഡ്: ചെങ്കള ഇന്ദിരാനഗറില്‍ കാറും മീന്‍ ലോറിയും കൂട്ടിയിടിച്ച് കോളജ് വിദ്യാര്‍ഥി മരിച്ചു. ആലംപാടി എര്‍മാളത്തെ അബ്ബാസിന്റെ മകന്‍ ഷദീദ് (20) ആണു മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഷദീദിനെ മംഗളൂരു ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണ് മരിച്ചത്.

അപകടത്തില്‍ പരിക്കേറ്റ തെക്കിലിലെ അഷ്‌റഫിന്റെ മകനും നെല്ലിക്കട്ട പിബിഎം സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുമായ അഷ്‌കറിനെ (15) മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൈക്കയില്‍ കഴിഞ്ഞ ദിവസം മരണം നടന്ന ബന്ധുവീട്ടിലേക്ക് പോവുകയായിരുന്നു ഷദീദും അഷ്‌കറും.

വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ആള്‍ട്ടോ കാറും മംഗളൂരു മല്‍പെയില്‍ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന ലോറിയുമാണ് അപകടത്തില്‍പ്പട്ടത് . അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ലോറി ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു.

മാനസിക വിഭ്രാന്തിയുള്ള സ്ത്രീ റോഡിനു കുറുകെ ചാടിയതാണ് അപകടത്തിനു വഴിവച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സ്ത്രീയെ പിന്നീട് വിദ്യാനഗര്‍ പോലീസെത്തി സ്‌റ്റേഷനിലേക്കു കൊണ്ടുപോയി.

Top