കാശ്മീര്‍ അവിഭാജ്യ ഘടകം,എന്നും അങ്ങനെ തന്നെ തുടരും; പാക്കിസ്ഥാന് ഇന്ത്യയുടെ മറുപടി

ന്യൂഡല്‍ഹി: പാക്കിസ്ഥാനുമായി ഇനിയൊരു യുദ്ധമുണ്ടായാല്‍ ഇന്ത്യക്ക് അത് താങ്ങാനാവില്ലെന്ന പാക് സൈനീക മേധാവിയുടെ ഭീഷണിക്ക് ഇന്ത്യയുടെ മറുപടി.

‘പാക്കിസ്ഥാനും ജമ്മു കശ്മീരും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ അത് പാകിസ്ഥാന്റെ നിയമവിരുദ്ധമായ ഇടപെടലില്‍നിന്നും എങ്ങിനെ പാക് അധീന കശ്മീരിനെ മോചിപ്പിച്ച് ഇന്ത്യയുടെ ഭാഗമാക്കാം എന്നതുമാത്രമാണ്’ കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. കശ്മീര്‍ എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നുവെന്നും അത് എന്നും അങ്ങിനെ തന്നെ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

കശ്മീര്‍ തീര്‍ത്തിട്ടില്ലാത്ത ഒരു പ്രശ്‌നമാണെന്നും യുദ്ധത്തിന് പ്രേരിപ്പിച്ചാല്‍ താങ്ങാനാവത്ത നഷ്ടമാണ്ടാകുമെന്നായിരുന്നു പാക് സൈനിക മേധാവിയുടെ വിവാദ പ്രസ്താവന. 1965ലെ ഇന്ത്യാ പാക് യുദ്ധ വിജയവുമായി ബന്ധപ്പെട്ട 50ാം വാര്‍ഷികാചരണ പരിപാടി റാവല്‍പിണ്ടിയില്‍ സംഘടിപ്പിച്ചപ്പോഴാണ് പാക് സൈനിക മേധാവിയുടെ പ്രസ്താവന. ഇതിന് പിന്നാലെയാണ് ജിതേന്ദ്ര സിംഗ് പാകിസ്ഥാന് മറുപടി നല്‍കിയത്.

ഏതു തരത്തിലുള്ള ആഭ്യന്തര വെല്ലുവിളികളെയും പുറത്തുനിന്നുള്ള വെല്ലുവിളികളെയും നേരിടാന്‍ പാക് സൈന്യം സര്‍വ സജ്ജമാണെന്ന് ജനറല്‍ റാഹീല്‍ പറഞ്ഞത് വിവാദമായിരുന്നു. പതുക്കെയുള്ള തുടക്കമാണെങ്കിലും പെട്ടെന്നുള്ള തുടക്കമാണെങ്കിലും അതിനെ പാക് സേന നേരിടുമെന്നും റാഹില്‍ പറഞ്ഞിരുന്നു.

അതിനിടെ, പാക് സൈനിക മേധാവിയുടേത് അനാവശ്യ വാചകയടിയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജനറല്‍ വികെ സിംഗ് പറഞ്ഞു. പാക് സൈനിക മേധാവിയുടെ പ്രസ്താവനയെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജനറല്‍ വി.കെ. സിംഗ്.

Top