കാമുകിയുടെ മൂന്ന് കുട്ടികളെ മാലിന്യക്കുഴിയില്‍ തള്ളിയിട്ട് കൊന്ന കേസിലെ പ്രതി അറസ്റ്റില്‍

ബംഗലുരു: കാമുകിയെ സ്വന്തമാക്കാന്‍ മൂന്ന് കുഞ്ഞുങ്ങളെ മാലിന്യക്കുഴിയില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി ഫഹീം ബെയ്ഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു.

സ്‌കൂളില്‍ നിന്നും മടങ്ങി വരും വഴി കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. സുല്‍ത്താന്‍ (4), അഫ്‌റീന്‍ (6), അഫ്‌നാന്‍ (8) എന്നിവരാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ മാസം 27 മുതല്‍ കുട്ടികളെ കാണാനില്ലായിരുന്നു. സംശയത്തെത്തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:

മൂന്നു കുട്ടികളുടെ അമ്മയായ നാഗിന ബീഗവുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നു. ഒരു വര്‍ഷം മുന്‍പ് നാഗിനയെ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി. അന്നു മുതല്‍ ഇവരുടെ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നു ഇയാള്‍. നാഗിനയെ വിവാഹം കഴിക്കണമെന്ന ആവശ്യത്തെ ഇയാളുടെ വീട്ടുകാര്‍ എതിര്‍ത്തു. മൂന്നു കുട്ടികളുണ്ട് എന്ന കാരണം പറഞ്ഞായിരുന്നു വീട്ടുകാര്‍ എതിര്‍ത്തത്. ഇതിനു പരിഹാരം കണ്ടെത്തുന്നതിനാണ് മൂന്നു കുട്ടികളെയും കൊലപ്പെടുത്താന്‍ ഇയാള്‍ തീരുമാനിച്ചതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Top