കാണാതായ ഡോണിയര്‍ വിമാനത്തിന്റെ സിഗ്നല്‍ ലഭിച്ചതായി സൂചന

ന്യൂഡല്‍ഹി: തീരസംരക്ഷണ സേനയുടെ കാണാതായ വിമാനത്തിന്റെ സിഗ്നല്‍ ലഭിച്ചതായി സൂചന. കഴിഞ്ഞ തിങ്കളാഴ്ച ചെന്നൈ തീരത്ത് കാണാതായ ഡോര്‍ണിയര്‍ വിമാനത്തിന്റെ സിഗ്നല്‍ നാവികസേനയുടെ കപ്പലിനാണ് ലഭിച്ചത്. ഇടവിട്ടിടവിട്ടാണ് സിഗ്നല്‍ ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐഎന്‍എസ് സാന്ധ്യക് എന്ന കപ്പലാണ് സിഗ്നല്‍ കണ്ടെത്തിയത്.

ഈ ഭാഗത്ത് കടലില്‍ ഇന്ധനം പടര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇന്ധനത്തിന്റെ സാംപിള്‍ എടുത്ത് വിമാനത്തില്‍ നിന്ന് പടര്‍ന്നതാണോ എന്ന് അറിയാന്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്താനായി നാലര ദിവസമായി തിരച്ചില്‍ നടന്നുവരുകയാണ്.

കാണാതായ വിമാനത്തില്‍ മൂന്ന് ജീവനക്കാരാണുള്ളത്. നാവികസേനയും തീരസംരക്ഷണ സേനയും സംയുക്തമായി തെരച്ചില്‍ നടത്തിയിട്ടും വിമാനം കണ്ടെത്താനായിരുന്നില്ല.

Top