കാക്കാ മുട്ടൈയ്ക്ക് ശേഷം മണികണ്ഠന്‍ ഒരുക്കുന്ന ചിത്രത്തില്‍ വിജയി സേതുപതി നായകനാകുന്നു

പ്രേക്ഷക പ്രശംസ വാങ്ങി മുന്നേറുന്ന കാക്കാ മുട്ടൈ എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ മണികണ്ഠന്‍ അടുത്ത ചിത്രത്തിന് ഒരുങ്ങുന്നു. ചിത്രത്തില്‍ വിജയ് സേതുപതിയാണ് നായക വേഷം അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്തംബറില്‍ ആരംഭിക്കും. വിജയ് സേതുപതിയുമായി ചിത്രത്തിന്റെ തിരക്കഥ ചര്‍ച്ച ചെയ്‌തെന്നും വൈകാതെ തങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാക്കാ മുട്ടൈ എന്ന ചിത്രത്തിന്റെ അതേ സ്റ്റൈലിലാകും ഈ ചിത്രവും ഒരുക്കുക.

രണ്ട് പ്രധാന കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ മുന്നേറുന്നത്. ബ്ലായ്ക്ക് ഹ്യൂമറുള്ള വളരെ റിയലിസ്റ്റിക്കായ ചിത്രമായിരിക്കും ഇതെന്ന് സംവിധായകന്‍ വ്യക്തമാക്കി.

ചെന്നൈ പട്ടണത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ശക്തമായൊരു സന്ദേശം നല്‍കുന്ന ചിത്രത്തില്‍ ഗാനങ്ങളുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗോപുരം ഫിലിംസിന്റെ ബാനറില്‍ മാധുരി അമ്പുവാണ് ചിത്രം നിര്‍മിക്കുന്നത്. മറ്റ് അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ആരൊക്കെയാണെന്ന് പുറത്തുവിട്ടിട്ടില്ല.

കരാറൊപ്പിട്ടിരിക്കുന്ന മറ്റ് ചിത്രങ്ങളുടെ ജോലി പൂര്‍ത്തിയാക്കിയ ശേഷമാകും വിജയ് ഈ ചിത്രത്തില്‍ അഭിനയിക്കുക.

കുറ്റ്രമേ ദണ്ഡനൈ എന്ന തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ തിരക്കിലാണ് മണികണ്ഠന്‍ ഇപ്പോള്‍. ഇതൊരു ക്രൈം ത്രില്ലര്‍ ചിത്രമാണ്. വിധാര്‍ത്ഥും പൂജ ദേവാരിയയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം നിര്‍വഹിക്കുന്നത് ഇളയരാജയാണ്.

Top