ജമ്മു കശ്മീരില്‍ ശക്തമായ ഏറ്റുമുട്ടല്‍;രണ്ടു സൈനികരടക്കം നാലു പേര്‍ കൊല്ലപ്പെട്ടു

ജമ്മു: ജമ്മുകശ്മീരില്‍ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ശക്തമായ ഏറ്റുമുട്ടലില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടു. രണ്ടു ഭീകരരെ സൈന്യം വധിക്കുകയും ചെയ്തു.

ഹന്ദ്വാരയിലെ ലാരിബാല്‍ രാജ്‌വര്‍ വനമേഖലയിലാണ് ഇന്നലെ രാത്രി ഏറ്റുമുട്ടല്‍ തുടങ്ങിയത്. 21 രാഷ്ട്രീയ റൈഫിള്‍സ് സുരക്ഷാ ഉദ്യോഗസ്ഥരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഭീകരവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. മേഖലയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.

പാക്കിസ്ഥാന്റെയും ഇന്ത്യയുടേയും അതിര്‍ത്തിരക്ഷാ തലവന്‍മാര്‍ യോഗം ചേരുന്ന സമയത്തു തന്നെയാണ് ആക്രമണം നടക്കുന്നതെന്നതും ശ്രദ്ധേയമാണ്.
ഇന്നലെ വൈകീട്ടും പാക്ക് റേഞ്ചേഴ്‌സ് അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയിരുന്നു. ഇതില്‍ ഒരു ഇന്ത്യന്‍ ജവാന് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിര്‍ത്തിയിലെ സമാധാനവും നുഴഞ്ഞു കയറ്റവും തടയാന്‍ ഇരുരാജ്യങ്ങളുടെയും അതിര്‍ത്തി രക്ഷാസേനകളുടെ ഡയറക്ടര്‍ ജനറല്‍മാരുടെ ചര്‍ച്ചയില്‍ ധാരണയായിരുന്നു.

Top